ആദ്യത്തെ ഇന്റര്‍നെറ്റ് സര്‍വകലാശാല ദുബായില്‍
ദുബായ് : ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍(ഡിക് ) ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് സര്‍വകലാശാലയും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു .
ഇ-ബിസിനസ്സ് , ഇ-ഫിനാന്‍സ് , മള്‍ട്ടി മീഡിയ , ഇ-ഡിസൈന്‍ , ഇ- മാനേജ്മെന്റ് എന്നീ മേഖലകളിലാണ് ഇവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സുകളില്‍ പരിശീലനം നല്കിവരുന്നത് . ദുബായ് എന്നാല്‍ ഷോപ്പിംഗിനു മാത്രമുള്ള നഗരം എന്ന സങ്കല്പം മാറ്റാന്‍ നേരമായി . ദുബായ് ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടറുകളുടെയും നഗരം കൂടി ആയി മാറിക്കഴിഞ്ഞു .
മറ്റുള്ളവരേക്കാള്‍ മുന്നിലെത്തുന്നതിനുള്ള ദുബായുടെ കുതിപ്പിന് അവസാനമില്ലെന്ന് ഫിബ്രവരി 12 തിങ്കളാഴ്ച ദുബായുടെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് പറഞ്ഞതിന്റെ വ്യംഗാര്‍ത്ഥം ഇതു തന്നെ. 1999 ഒക്ടോബറിലാണ് ദുബായില്‍ ഒരു വര്‍ഷത്തിനകം ഇ-ബിസിനസ്സ് നടത്തുന്നതിനുള്ള സ്വതന്ത്ര വാണിജ്യ മേഖല സ്ഥാപിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത് . 2000 ഒക്ടോബറാകുമ്പോഴേക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ ഉദ്ഘാടനവും കഴിഞ്ഞു .
ഇതില്‍ 200 ഇന്റര്‍നെറ്റ് -കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു . 150 കമ്പനികളെങ്കിലും ഈ ഇന്റര്‍നെറ്റ് സിറ്റിയില്‍ വ്യാപാരം തുടങ്ങാനുള്ള ഒരിടവും കാത്ത് കഴിയുകയാണ് . അമേരിക്കയിലെ സിലിക്കണ്‍ വാലിയ്ക്ക് ബദലായ ചെലവു കുറഞ്ഞ ഒരു ഇന്റര്‍നെറ്റ് -കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ വ്യവസായനഗരം സൃഷ്ടിക്കുകയാണ് ദുബായുടെ ലക്ഷ്യം .
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ വ്യവസായം തുടങ്ങാന്‍ പറ്റിയ ലോകത്തിലെത്തന്നെ ഏറ്റവും മികച്ച കേന്ദ്രമായി ദുബായിയെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും ഷെയ്ഖ് ബിന്‍ റഷീദ് പറഞ്ഞു . അഞ്ച് കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ദുബായ് ഇന്റര്‍നെറ്റ് നഗരം ഏകദേശം 920 കോടി രൂപ ചെലവിലാണ് ഉയര്‍ത്തിയിരിക്കുന്നത് . ദുബായ് ഐഡിയാസ് ഒയാസിസ് ,ദുബായ് മീഡിയ സിറ്റി എന്നീ സ്വതന്ത്ര വാണിജ്യ മേഖലകളുടെ മാതൃകയിലാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും ഒരുക്കിയിരിക്കുന്നത് . ഈ മൂന്ന് സ്വതന്ത്ര വാണിജ്യ മേഖലകളും ദുബായ് ടെക്നോളജി-ഇലക്ട്രോണിക് ആന്റ് മീഡിയ ഫ്രീ സോണ്‍ അതോറിറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് .












Click it and Unblock the Notifications