ജോസഫ് ഗ്രൂപ്പ് എല്‍ഡിഎഫ് വിടില്ല
തിരുവനന്തപുരം: ഇടതുമുന്നണി വിടേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) തീരുമാനിച്ചതോടെ എല്‍ഡിഎഫിലെ പ്രതിസന്ധിക്കു തത്കാലം വിരാമമായി.
ഫിബ്രവരി 16 വ്യാഴാഴ്ച രാത്രി ചേര്‍ന്ന കേരള കോണ്‍ഗ്രസ് (ജോസഫ്) പ്രവര്‍ത്തക സമിതി യോഗത്തിലാണ് മുന്നണി വിടേണ്ടതില്ലെന്ന് തീരുമാനമായത്. സ്വകാര്യ എഞ്ചിനീയറിംഗ് കോളജുകള്‍ അനുവദിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തോട് അനുകൂലമായ നീക്കം ഇടതുമുന്നണിയില്‍ നിന്നുണ്ടാവുമെന്ന് ജോസഫ് യോഗത്തില്‍ അറിയിച്ചു. വ്യാഴാഴ്ച ജോസഫ് മുഖ്യമന്ത്രി ഇ.കെ.നായനാരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
കേരള കോണ്‍ഗ്രസുകളുടെ ലയനം വേണ്ടെന്ന അഭിപ്രായത്തിലെത്തിയില്ലെങ്കിലും അതിപ്പോള്‍ വേണ്ടെന്ന തീരുമാനത്തിലാണ് യോഗം എത്തിച്ചേര്‍ന്നത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടുപോന്നാല്‍ മാത്രമേ ലയനം നടത്തേണ്ടതുള്ളൂവെന്നും യോഗത്തില്‍ ധാരണയായി.
വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളജ് പ്രശ്നം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അടുത്ത യോഗത്തില്‍ മാറ്റിവെക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചു.












Click it and Unblock the Notifications