കല്ലടിക്കോട് മലയില്‍ വീരപ്പനെ തിരയുന്നു
കോയമ്പത്തൂര്‍ : വീരപ്പനെ കണ്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് മലയില്‍ ഫിബ്രവരി 17 ശനിയാഴ്ച പ്രത്യേക ദൗത്യസേന തിരച്ചില്‍ ഊര്‍ജിതമാക്കി .
തിരച്ചിലില്‍ കേരളാ പൊലീസും പങ്കെടുത്തു . നാട്ടുകാരിലാരോ കേരളാ പൊലീസിന് വിവരം നല്കിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത് . ഇതിനിടെ വീരപ്പന്‍ സംഘത്തിലെ നാലു പേരെ കൂടി പിടികൂടിയെന്ന് തമിഴ് നാട് ദൗത്യസേനാ സംഘം ശനിയാഴ്ച അവകാശപ്പെട്ടു . ശിരുവാണി മലയില്‍ നിന്ന് രക്ഷപ്പെട്ട് കല്ലടിക്കോട് മലയിലെത്താനുള്ള സാധ്യത ഏറെയാണെന്ന് കേരളാ പൊലീസും പറയുന്നു .
അതേ സമയം തമിഴ് നാട് ദൗത്യസേനയുടെ നീക്കത്തില്‍ ഇപ്പോഴും സംശയം നിലനില്ക്കുന്നുണ്ട്. വീരപ്പന്റെ സന്തത സഹചാരിയായ സെത്തുക്കുടി ഗോവിന്ദനെ അറസ്റു ചെയ്തവെന്ന വാര്‍ത്ത വെറും കെട്ടുകഥയാണെന്ന തമിഴ്നാട് ഡിജിപി രാജഗോപാല്‍ ഫിബ്രവരി 16 വെള്ളിയാഴ്ച നടത്തിയ പ്രസ്താവന വീണ്ടും ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ് .
സെത്തുക്കുടി ഗോവിന്ദനെ അറസ്റുചെയ്ത വാര്‍ത്ത തമിഴ്നാട്ടിലെ ഒരു സായാഹ്ന പത്രമാണ് വെള്ളിയാഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തത് . പിന്നീട് ഇന്ത്യയിലെ ഒരു പ്രധാന വാര്‍ത്താ ഏജന്‍സിയും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു . എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഉറവിടമില്ലെന്നും വാര്‍ത്ത സത്യവിരുദ്ധമാണെന്നും ഡിജിപി രാജഗോപാല്‍ പറഞ്ഞു .












Click it and Unblock the Notifications