റിലയന്‍സ്, ഇന്‍ഫോസിസ് - ഏഷ്യയിലെ മികച്ച കമ്പനികള്‍
ലണ്ടന്‍: ഇന്ത്യന്‍ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്‍ഫോസിസ് ടെക്നോളജീസും ഏഷ്യയിലെ ഏറ്റവും മികച്ച കമ്പനികളുടെ അമരത്ത്. ഏഷ്യയിലെ മികച്ച കമ്പനികളെ കണ്ടെത്താന്‍ സംഘടിപ്പിച്ച അഞ്ചാമത് സര്‍വേയിലാണ് റിലയന്‍സും ഇന്‍ഫോസിസും തങ്ങളുടെ മേഖലകളില്‍ മറ്റ് ഏഷ്യന്‍ കമ്പനികളെയെല്ലാം പിന്തള്ളി ഒന്നാമതെത്തിയത്.
പെട്രോകെമിക്കല്‍ രംഗത്ത് റിലയന്‍സും വിവരസാങ്കേതിക മേഖലയില്‍ ഇന്‍ഫോസിസുമാണ് ഏഷ്യയിലെ ഏറ്റവും മികച്ച കമ്പനികളെന്ന് സര്‍വേ വ്യക്തമാക്കുന്നു. റിലയന്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ ബഹുമതിക്കര്‍ഹമാകുന്നത്.
യൂറോമണി മാസികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ സര്‍വേ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2000 ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസത്തിനിടയില്‍ റിലയന്‍സ് 21,564 കോടി രൂപയുടെ വിറ്റുവരവും 2,106 കോടി രൂപയുടെ ലാഭവും നേടി.
വിവരസാങ്കേതിക മേഖലയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളും ഇന്ത്യന്‍ കമ്പനികള്‍ക്കാണ്. രണ്ടാം സ്ഥാനം എന്‍ ഐ ഐ ടിക്കും മൂന്നാം സ്ഥാനം വിപ്രോയ്ക്കും.
നിര്‍മാണ മേഖലയില്‍ ഇന്ത്യന്‍ കമ്പനിയായ ഗുജറാത്ത് അംബുജ രണ്ടാം സ്ഥാനവും ഇരുമ്പുരുക്ക് മേഖലയില്‍ ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ മൂന്നാം സ്ഥാനവും ആതിഥേയ മേഖലയില്‍ ഈസ്റ്റ് ഇന്ത്യാ ഹോട്ടല്‍സ് മൂന്നാം സ്ഥാനവും നേടി.












Click it and Unblock the Notifications