ആലുവ കൂട്ടക്കൊല: പ്രതി റിമാന്‍ഡില്‍
കൊച്ചി: ആലുവ കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ ആന്റണിയെ ഈ മാസം 28 വരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവായി. ഫിബ്രവരി 19 തിങ്കളാഴ്ച രാവിലെ 11. 45 ന് കനത്ത പൊലീസ് കാവലില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാണാന്‍ വന്‍ ജനാവലി കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു.
രാവിലെ പത്തു മണിയോടെ പ്രതിയെ കൊലപാതകം നടന്ന മാഞ്ഞൂരാന്‍ വസതിയില്‍ കൊണ്ടുവന്നു തെളിവെടുത്തു. ആറു പേരെ കൊല ചെയ്ത വിധം പ്രതി പൊലീസിനു മുന്നില്‍ വിശദീകരിച്ചു. ആന്റണിയാണ് പ്രതിയെന്ന പൊലീസിന്റെ വെളിപ്പെടുത്തലില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിെവെടുപ്പ് കാണാന്‍ നിരവധി പേര്‍ കൊല നടന്ന വീടിന്റെ പരിസരത്ത് തടിച്ചു കൂടിയിരുന്നു.
തെളിവെടുപ്പില്‍ ആന്റണി നല്‍കിയ വിശദീകരണം അഗസ്റ്റിന്റെ ബന്ധുക്കള്‍ക്കും മറ്റും വിശ്വാസമായെന്ന് പൊലീസ് പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ കൊലപാതകം നടത്തിയ ദിവസം താന്‍ അഗസ്റ്റിന്റെ വീട്ടില്‍ വന്നതു മുതലുള്ള എല്ലാ സംഭവങ്ങളും ആന്റണി വ്യക്തമായി വിവരിച്ചു.
അഗസ്റ്റിന്റെ അടുത്ത ബന്ധുക്കളേയും ഏതാനും അയല്‍ക്കാരെയും തെളിവെടുപ്പ് കാണാന്‍ പൊലീസ് അനുവദിച്ചു. അറസ്റ്റിലായ ദിവസം ദു:ഖിതനായി കാണപ്പെട്ട ആന്റണി തെളിവെടുപ്പ് സമയത്ത് തികഞ്ഞ ഗൗരവത്തിലായിരുന്നു.
കൊല നടന്ന ദിവസം രാത്രി ഏഴരയ്ക്ക് താന്‍ അഗസ്റ്റിന്റെ വീട്ടില്‍ വന്നതും കുടുംബവുമായി സംസാരിച്ചതും പിന്നീട് അഗസ്റ്റിന്റെ അമ്മ ക്ലാരയും സഹോദരി കൊച്ചുറാണിയുമൊഴികെയുള്ളവര്‍ സെക്കന്‍ഡ് ഷോ കാണാന്‍ പോയതും ആന്റണി വിശദീകരിച്ചു.
ഡൈനിംഗ് ടേബിളിന് ഇരുപുറവുമിരുന്ന് സംസാരിക്കുന്നതിനിടെ നേരത്തേ വാഗ്ദാനം ചെയ്തിരുന്ന തുക നല്‍കാന്‍ കൊച്ചുറാണി വിസമ്മതിക്കുകയും കുപിതനായ താന്‍ ഡൈനിംഗ് ടേബിള്‍ ശക്തമായി മുന്നോട്ടു തള്ളി കൊച്ചുറാണിയെ വീഴ്ത്തുകയുമായിരുന്നുവെന്ന് ആന്റണി പറഞ്ഞു. ഇക്കാര്യം വിശദീകരിക്കുന്നതിനായി മൂന്ന് തവണ ആന്റണി ഡൈനിംഗ് ടേബിള്‍ തള്ളിക്കാട്ടി. അപ്രകാരം ടേബിള്‍ നീക്കിയാല്‍ എതിര്‍വശത്തിരിക്കുന്ന ആള്‍ എത്ര കരുത്തനായാലും തറയില്‍ വീഴുമെന്ന് പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു.
തളളലില്‍ വീണ കൊച്ചുറാണി എന്നെ കൊല്ലുന്നേ ... എന്ന് നിലവിളിച്ചപ്പോള്‍ താന്‍ വായ് പൊത്തിയതായും പ്രതി പറഞ്ഞു. കൊച്ചുറാണിയുടെ അമ്മ ഓടി വന്ന് പിടിച്ചെങ്കിലും താന്‍ കുതറി മാറുകയായിരുന്നു. സ്റ്റൂള്‍ കൊണ്ട് കൊച്ചുറാണിയെയും അമ്മയെയും പല തവണ ആക്രമിച്ച് കൊലപ്പെടുത്തിയ രീതിയും ആന്റണി വിശദീകരിച്ചു.
മൃതദേഹങ്ങള്‍ വലിച്ചുകൊണ്ട് അകത്തേക്കു പോയതും അഗസ്്റ്റിനേയും കുടുംബത്തേയും വകവരുത്താന്‍ നടത്തിയ ക്രമീകരണങ്ങളും പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആന്റണി അഭിനയിച്ചു കാണിച്ചു.
അഗസ്റ്റിന്‍ വരുന്നതും കാത്ത് സ്റ്റോര്‍ മുറിയില്‍ കോടാലിയുമായി നില്‍ക്കുമ്പോള്‍ വെളിച്ചം കാണുന്നതിനായി റഫ്രിജറേറ്ററിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. അഗസ്റ്റിനേയും ഭാര്യ ബേബിയെയും രണ്ടു മക്കളേയും മിനിറ്റുകള്‍ക്കുള്ളില്‍ അതിവിദഗ്ധമായി കൊല ചെയ്തത് ആന്റണി വിശദീകരിക്കുമ്പോള്‍ അഗസ്്റ്റിന്റെ ബന്ധുക്കളും അയല്‍വാസികളും സ്തബ്ധരായി.
കൊലപാതകങ്ങള്‍ക്കു ശേഷം കൈകാലുകളും കോടാലിയും കത്തിയും കഴുകിയതും അഗസ്റ്റിന്റെ മകള്‍ ദിവ്യയുടെ കഴുത്തില്‍ ഇലക്ട്രിക്ക് വയര്‍ മുറുക്കിയതും പിന്നീട് ഈ വയര്‍ കൊണ്ട് കുരുക്കുണ്ടാക്കി കൊച്ചുറാണിയുടെ മൃതദേഹം കതകിന്റെ വിജാഗിരിയില്‍ കെട്ടിത്തൂക്കിയതും അതത് സ്ഥലങ്ങളില്‍ വച്ച് ആന്റണി വിശദീകരിച്ചു.
കൊച്ചുറാണിയെയും ക്ലാരയെയും കൊലപ്പെടുത്തിയപ്പോള്‍ ആവശ്യത്തിന് പണം ലഭിച്ചിട്ടും സ്ഥലം വിടാതിരുന്നതിന് കാരണമാരാഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് എല്ലാവരെയും അവസാനിപ്പിച്ച് താനും ഇല്ലാതാകാന്‍ തീരുമാനിച്ചതാണ് എന്നായിരുന്നു ആന്റണിയുടെ മറുപടി.












Click it and Unblock the Notifications