കെട്ടിട നിര്‍മ്മാണ ചട്ടം ലഘൂകരിച്ചേക്കും
തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ ചട്ടം കൂടുതല്‍ ഇളവുകള്‍ നല്‍കി ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഒരാഴ്ചക്കകം പുറത്തിറങ്ങുമെന്ന് കരുതുന്നു.
കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ അനുകൂലമായ രീതിയിലാണ് ചട്ടം പരിഷ്കരിക്കുന്നത്. ബഹുനില കെട്ടിടങ്ങളുടെ തറവിസ്തീര്‍ണവും കെട്ടിടത്തിന്റെ വിസ്തീര്‍ണവും തമ്മില്‍ പാലിക്കേണ്ട അനുപാതത്തില്‍ മാറ്റം വരുത്തിയേക്കും. അതുപോലെ നിലവിലുള്ള കെട്ടിടങ്ങളുടെ മുകളിലേക്ക് കൂടുതല്‍ നിലകള്‍ നിര്‍മ്മിക്കുന്നതിനുള്ള വ്യവസ്ഥകളിലും ഇളവ് നല്‍കിയേക്കും.
റോഡു വികസനത്തിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കുകയോ അക്വയര്‍ ചെയ്യുകയോ മൂലം കെട്ടിടം നിര്‍മ്മിക്കാന്‍ വിഷമം നേരിടുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ടെന്ന് അറിയുന്നു. റോഡിന് സ്ഥലം നല്‍കിയ ശേഷം മുന്‍വശത്ത് സ്ഥലം ഒഴിച്ചിടാനില്ലാതെ കെട്ടിടം പണി മുടങ്ങിക്കിടക്കുന്നവര്‍ക്കും ഇളവ് നല്‍കിയേക്കും. കുറഞ്ഞ സ്ഥലത്ത് വീടുവെക്കുന്നതിനുള്ള വ്യവസ്ഥകളും ലഘൂകരിക്കും.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് നിര്‍ത്തിയതിനു ശേഷം കേരളത്തിലെ നിര്‍മ്മാണ മേഖല പ്രതിസന്ധി നേരിടുകയാണ്. ഇതു മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ചട്ടം പരിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications