പഴയ നിയമസഭാമന്ദിരം ഇനി സ്മാരകം
തിരുവനന്തപുരം: ജനാധിപത്യകേരളത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പഴയ നിയമസഭാമന്ദിരം ഇനി സ്പീക്കര്‍ വിജയകുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലിവിംഗ് മ്യൂസിയം. ഫിബ്രവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ പഴയ നിയമസഭാമന്ദിരവും പരിസരവും ഉപരാഷ്ട്രപതി കൃഷന്‍കാന്ത് ചരിത്രസ്മാരകമായി പ്രഖ്യാപിക്കും.
ഫിബ്രവരി 18 ഞായറാഴ്ച സ്പീക്കര്‍ വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. മ്യൂസിയമെന്ന നിലയില്‍ മന്ദിരം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 112 വര്‍ഷത്തെ ചരിത്രമുള്ള നിയമസഭയുടെ ആദ്യയോഗം നടന്നത് സെക്രട്ടേറിയറ്റില്‍ ദിവാന്‍ സര്‍ ടി.രാമറാവുവിന്റെ മുറിയിലാണ്.
1888 ആഗസ്ത് 23നാണ് തിരുവിതാംകൂര്‍ നിയമസഭയുടെ പ്രഥമയോഗം നടന്നത്. 1888 മുതല്‍ 1904 വരെ തിരുവിതാംകൂര്‍ നിയമസഭ നടന്നത് ദിവാന്റെ മുറിയില്‍ തന്നെ. നിയമസഭയുടെ അംഗസംഖ്യ കൂടിയപ്പോള്‍ 1904 മുതല്‍ 1939 വരെ സഭാസമ്മേളനം വിജെടി ഹാളില്‍. പിന്നീട് വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭു തറക്കല്ലിട്ട മന്ദിരം 1939 ഫിബ്രവരി എട്ടിന് ഉദ്ഘാടനം ചെയ്തു.
1949 ജൂലായ് ഒന്നിന് തിരുവിതാംകൂര്‍ -കൊച്ചി നിയമസഭയായി ഇതുമാറി.1956 നവംബര്‍ ഒന്നിന് കേരള നിയമസഭ പിറക്കുന്ന നിമിഷങ്ങള്‍ അരങ്ങേറിയതും ഈ ചരിത്രസ്മാരകത്തില്‍ തന്നെ. പത്താം നിയമസഭയുടെ എട്ടാം സെഷന്‍ വരെ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ സമ്മേളിച്ചു. 1998 ജൂണ്‍ 29 വരെ നിയമസഭാ സമ്മേളനം നടന്നിരുന്നത് ഈ മന്ദിരത്തിലായിരുന്നു. പുതിയ മന്ദിരം നിര്‍മിച്ചതോടെ സഭാ നടപടികള്‍ അങ്ങോട്ടേക്ക് മാറ്റി.
നിയമസഭാഹാളില്‍ പോര്‍ട്രേറ്റ് ഗ്യാലറിയും ഫോട്ടോ ഗ്യാലറിയും ഒരുക്കും. നിയമസഭാനേതാക്കളുടെ ചിത്രങ്ങളാവും ഇവയില്‍ അണിനിരത്തുക.
നിയമസഭാമന്ദിരത്തിന്റെ ചരിത്രം സംബന്ധിച്ച് ലൈറ്റ് ആന്റ് സൗണ്ട് പ്രദര്‍ശനവും ഒരുക്കും. പാര്‍ലമെന്റി ജനാധിപത്യത്തെ കുറിച്ചുള്ള ഒരു പഠന-ഗവേഷണകേന്ദ്രമാക്കി മ്യൂസിയത്തെ വളര്‍ത്തുമെന്ന് വിജയകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications