ഇന്ദ്രജിത് ഗുപ്ത അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇന്ദ്രജിത് ഗുപ്ത അന്തരിച്ചു. ഫിബ്രവരി 20 ചൊവാഴ്ച രാവിലെ കൊല്‍ക്കത്തയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.
കാന്‍സര്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് ദില്ലിയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന ഗുപ്തയെ ജനവരി 17ന് കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരികയായിരുന്നു.
ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതിക്ക് അര്‍ഹനായ ഗുപ്ത 1960ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. കൊല്‍ക്കത്ത സൗത്ത് മണ്ഡലത്തെയായിരുന്നു അന്ന് അദ്ദേഹം പ്രതിനിധീകരിച്ചത്. വിവിധ മണ്ഡലങ്ങളില്‍ നിന്നായി അദ്ദേഹം 11 തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ലോക്സഭയില്‍ മിഡ്നാപൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. കേന്ദ്രത്തിലെ ഐക്യമുന്നണി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.
കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ)യുടെ ജനറല്‍ സെക്രട്ടറിയായും ഗുപ്ത സേവനമനുഷ്ഠച്ചിട്ടുണ്ട്. എഐടിയുസി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാനും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും ഗുപ്തയുടെ കൊല്‍ക്കത്തയിലെ വീട്ടിലേക്ക് പോയിട്ടുണ്ട്. ചൊവാഴ്ച രാവിലെ 11.00 മണിക്ക് ചേരുന്ന പശ്ചിമ ബംഗാള്‍ സ്റേറ്റ് സെക്രട്ടേറിയറ്റാണ് ഗുപ്തയുടെ ശവസംസ്കാര ചടങ്ങിന്റെ തീയതിയും സമയവും പ്രഖ്യാപിക്കുക.












Click it and Unblock the Notifications