കൂടുതല്‍ ഭക്ഷ്യ സംസ്കരണ പാര്‍ക്കുകള്‍ തുടങ്ങും
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി സുശീല ഗോപാലന്‍.
മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ കിന്‍ഫ്ര ആരംഭിച്ച ഫുഡ് പ്രോസസിംഗ് പാര്‍ക്കിന്റെ മാതൃകയിലായിരിക്കും പുതിയ പാര്‍ക്കുകള്‍ ആരംഭിക്കുക. ഭക്ഷ്യസംസ്കരണ മേഖലയിലെ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയെന്ന നയമാണ് സര്‍ക്കാരിനെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഭക്ഷ്യസംസ്കരണത്തെപ്പറ്റി കിന്‍ഫ്ര സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുശീല ഗോപാലന്‍.
വിവര സാങ്കേതികത, തുണിവ്യവസായം, ഭക്ഷ്യസംസ്കരണം, റബറധിഷ്ഠിത വ്യവസായങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് സര്‍ക്കാരിന്റെ വ്യവസായ നയം. ഈ മേഖലകളിലൊക്കെ ആഭ്യന്തര സൗകര്യമൊരുക്കുന്നതിനായി പ്രത്യേക പാര്‍ക്കുകള്‍ തുടങ്ങും. സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിലും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിലും കയറ്റുമതി സാധ്യത കണ്ടെത്തുന്നതിലും ഈ മേഖലകള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications