കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ഗോള്‍ഫ് കളിയിടം വരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ രാജ്യാന്തര നിലവാരത്തില്‍ ഗോള്‍ഫ് കളിക്കാന്‍ പറ്റിയ മൈതാനം ഒരുക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ കൊച്ചി കായലിലെ വല്ലാര്‍പാടം ദ്വീപിലാണ് ഗോള്‍ഫ് കോഴ്സ് സ്ഥാപിക്കുന്നത്.

കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന് കീഴിലുള്ള ടൂറിസ്റ്റ്സ് റിസോര്‍ട്ട്സ് കേരള ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. ആഗോള തലത്തില്‍ ടെണ്ടര്‍ വിളിച്ചാണ് ഗോള്‍ഫ് കോഴ്സ് നിര്‍മ്മിക്കാന്‍ അര്‍ഹതയുള്ള കമ്പനിയെ കണ്ടെത്തുന്നത്.

18 ഹോള്‍ ഗോള്‍ഫ് കോഴ്സാണ് വല്ലാര്‍പാടത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പണി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഗോള്‍ഫ് മൈതാനമാകും ഇത്.

കൊച്ചി തുറമുഖ ട്രസ്റ്റാണ് ഗോള്‍ഫ് കോഴ്സിനുള്ള സ്ഥലം നല്‍കുന്നത്. തുറമുഖ ട്രസ്റ്റ് നിര്‍ദ്ദേശിച്ച വല്ലാര്‍പാടത്തേയും പുതുവൈപ്പിനിലേയും സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ധസംഘം വല്ലാര്‍പാടം തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചി തുറമുഖത്തിന്റെ വന്‍ വികസന പദ്ധതിയായ രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതും ഈ ദ്വീപിലാണ്.

വല്ലാര്‍പാടത്ത് 80 ഏക്കര്‍ സ്ഥലത്താണ് ഗോള്‍ഫ് കോഴ്സ് സ്ഥാപിക്കുന്നത്. ഗോശ്രീ പദ്ധതിയില്‍ എറണാകുളം -വല്ലാര്‍പാടം- വൈപ്പിന്‍ പാലങ്ങള്‍ രൂപപ്പെടുന്നതോടെ റോഡ് മാര്‍ഗം മൂന്ന് കിലോമീറ്റര്‍ മാത്രം സഞ്ചരിച്ച് കൊച്ചി നഗരത്തില്‍ നിന്നും വല്ലാര്‍പാടത്തെത്താന്‍ കഴിയും . കായലില്‍ ഗോള്‍ഫ് കളിയിടത്തിനോടു ചേര്‍ന്ന് ബോട്ട് ജെട്ടിയും സജ്ജമാകും.

വല്ലാര്‍പാടത്ത് സ്ഥാപിക്കുന്ന 18 ഹോള്‍ ഗോള്‍ഫ് കോഴ്സ് ലോകമെങ്ങുമുള്ള ഗോള്‍ഫ് പ്രേമികളെ ഇവിടേയ്ക്കാകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. ഒരു ഗോള്‍ഫ് അക്കാദമിയും രാത്രികാലങ്ങളിലും ഗോള്‍ഫ് കളിക്കാനുള്ള സൗകര്യവും ഗോള്‍ഫ് കോഴ്സിനോടൊപ്പം വിഭാവനം ചെയ്യുന്നു. രാജ്യാന്തരനിലവാരം പുലര്‍ത്തുന്ന ഹോട്ടല്‍ സൗകര്യങ്ങള്‍, നെടുമ്പാശേരി രാജ്യാന്തരവിമാനത്താവളം, കൊച്ചി തുറമുഖത്തെ നിര്‍ദ്ദിഷ്ട യാത്രാക്കപ്പല്‍ ടെര്‍മിനല്‍ എന്നിവയും ഗോള്‍ഫ് കോഴ്സ് പദ്ധതിക്ക് ഗുണകരമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X