വന്ധ്യതാ ക്ലിനിക്ക് പ്രവര്‍ത്തനം നിലച്ചേക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു.
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനില്‍ (ഐവിഎഫ്) വിദഗ്ധരായ രണ്ട് ഡോക്ടര്‍മാര്‍ ഈയിടെ ആശുപത്രി വിട്ടതാണ് കുട്ടികളില്ലാത്ത ദമ്പതിമാരുടെ ആശാകേന്ദ്രമായിരുന്ന ക്ലിനിക്കിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലാക്കിയിരിക്കുന്നത്. ഒരു ഡോക്ടര്‍ ഇവിടെ നിന്നും രാജിവയ്ക്കുകയായിരുന്നു. ക്ലിനിക്കിന്റെ ഭാവി കണക്കിലെടുക്കാതെ വിദഗ്ധനായ മറ്റൊരു ഡോക്ടറെ സര്‍ക്കാര്‍ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
ഭ്രൂണം മാറ്റിവയ്ക്കല്‍ (എംബ്രിയോ ട്രാന്‍സ്ഫര്‍) ഉള്‍പ്പടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ക്ലിനിക്കില്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുമ്പോഴാണ് ഇക്കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ള ഡോക്ടറുടെ സ്ഥലം മാറ്റം. ഐവിഎഫ് സംവിധാനം തുടങ്ങുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നും പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം ലഭിച്ചിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ നിന്നും വളരെ കുറഞ്ഞ നിരക്കിലാണ് ഇവിടെ വന്ധ്യതാ നിവാരണ ചികിത്സ നടത്തിയിരുന്നത്. ലാപ്രോസ്കോപി മുതല്‍ ഗര്‍ഭപാത്രത്തില്‍ ബീജത്തെ നേരിട്ട് നിക്ഷേപിക്കുന്ന ചികിത്സകള്‍ വരെ നടത്തിയിരുന്ന ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് സ്വകാര്യ ക്ലിനിക്കുകളെ സഹായിക്കും.
ഐവിഎഫ് ചികിത്സയ്ക്ക് സ്വകാര്യ ക്ലിനിക്കുകള്‍ രണ്ട് ലക്ഷം രൂപ വരെയാണ് വാങ്ങുന്നത്. ഇത് ദരിദ്രരായ ദമ്പതികള്‍ക്ക് താങ്ങാനാവില്ലെന്ന് സര്‍ക്കാരിന്റെ നിസംഗതയില്‍ പ്രതിഷേധിക്കുന്നവര്‍ പറയുന്നു.












Click it and Unblock the Notifications