സാമ്പത്തിക പ്രതിസന്ധി: അന്യസംസ്ഥാനങ്ങളില്‍ നിന്ന് വായ്പ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു തുടങ്ങി.
സഹകരണ മന്ത്രി എസ് ശര്‍മ്മ ഫിബ്രവരി 20 ചൊവാഴ്ച നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണിത്. ഹരിയാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളില്‍ നിന്നാണ് സംസ്ഥാന ട്രഷറിയിലേയ്ക്ക്ഹ്രസ്വകാല നിക്ഷേപമായി വായ്പ എത്തിയത്.
ആകെ 130 കോടി രൂപയാണ് ഈയിനത്തില്‍ സംസ്ഥാനട്രഷറിയിലെത്തിയത്.ഹരിയാന സംസ്ഥാനസഹകരണബാങ്കില്‍ നിന്നും 10.75 ശതമാനം മുതല്‍ 12 ശതമാനം വരെ പലിശയ്ക്ക് 60 കോടിയും പശ്ചിമബംഗാള്‍ സഹകരണബാങ്കില്‍ നിന്ന് 11 മുതല്‍ 11.50 ശതമാനം വരെ പലിശനിരക്കില്‍ 70 കോടി രൂപയുമാണ് നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലെ സഹകരണബാങ്കുകളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള നിക്ഷേപത്തിനു പുറമേയാണിത്. സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകള്‍ 502.24 കോടിയും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ 299.28 കോടിയും ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ആകെ 801.52 കോടി രൂപ. സംസ്ഥാന സഹകരണബാങ്ക് നേരത്തേ 295 കോടി രൂപ നിക്ഷേപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. ജില്ലാ സഹകരണബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പലിശയിനത്തില്‍ 45.43 കോടി രൂപ നല്‍കാനുണ്ട്.
ജില്ലാ സഹകരണബാങ്കുകള്‍ ട്രഷറിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നുവെന്ന കാരണത്താല്‍ സംസ്ഥാന സഹകരണബാങ്കിന് നബാര്‍ഡ് പുനര്‍വായ്പാ സഹായം നിര്‍ത്തി വച്ചിരിക്കുകയാണെന്ന് മന്ത്രി ശര്‍മ്മ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാന സഹകരണബാങ്ക് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ലാഭകരമായ പലിശ ലഭിക്കുമെന്നതിനാലാണ് സഹകരണബാങ്കുകള്‍ ട്രഷറിയില്‍ പണം നിക്ഷേപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications