രാഘവന്‍ എറണാകുളം ജില്ലയില്‍ മത്സരിക്കുന്നു
കൊച്ചി: സിഎംപി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മത്സരിക്കാന്‍ ഇടം തേടുന്നു. മുസ്ലിം ലീഗിന്റെ സീറ്റായ മട്ടാഞ്ചേരിയാണ് രാഘവന്റെ നോട്ടം. ലീഗുമായി ഇതുസംബന്ധിച്ച് രണ്ട് വട്ടം രാഘവന്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മലബാറില്‍ മത്സരിക്കാന്‍ രാഘവനും സിഎംപിക്കും താത്പര്യമില്ലെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രന്‍ കടമ്മനിട്ട രാമകൃഷ്ണനോട് എതിരിട്ട എം.വി.രാഘവന്‍ പരാജയപ്പെടുകയായിരുന്നു. അതിന് മുമ്പത്തെ തവണ തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നാണ് ലീഗിന്റെ പൂര്‍ണസഹായത്തോടെ രാഘവന്‍ വിജയിച്ചതും മന്ത്രിയായതും. മട്ടാഞ്ചേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ ലീഗിലെ സ്ഥാനാര്‍ഥി മോഹികള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടയിലാണ് രാഘവന്റെ രംഗപ്രവേശം.
മുസ്ലിംലീഗിന്റെ ഉറച്ച മണ്ഡലമായിരുന്ന മട്ടാഞ്ചിേരിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുകയായിരുന്നു. ഐഎന്‍എല്‍ രൂപീകരണത്തോടെ ലീഗ് വോട്ടുകളിലുണ്ടായ ചോര്‍ച്ചയും വിമതപ്രവര്‍ത്തനവുമാണ് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.എ.അഹമ്മദ് കബീറിന് വിനയായത്. 425 വോട്ടിനാണ് അഹമ്മദ് കബീര്‍ പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എം.എ. തോമസ് അപ്രതീക്ഷിത നേട്ടമാണ് ഇവിടെ കൊയ്തത്.
എം.എ. തോമസിനെയോ സിഐടിയു നേതാവ് എം.എം. ലോറന്‍സിനെയോ ഇടതുമുന്നണി ഇവിടെ ഇത്തവണ പോരിനിറക്കിയേക്കും. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി ഇബ്രാഹിം കുഞ്ഞിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ടി.എ. അഹമ്മദ് കബീര്‍, നിയമസഭ മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കെ.എന്‍. ഹംസക്കുഞ്ഞ്, പി.എം.എ. കലാം എന്നിവരും പരിഗണനയിലുണ്ട്.
എന്നാല്‍ രാഘവന്‍ രംഗത്തെത്തിയതോടെ ആ ദിശയിലും ചര്‍ച്ച സജീവമായിട്ടുണ്ട്. സീറ്റ് രാഘവന് വിട്ടുകൊടുക്കുന്നതിനെ അനുകൂലിക്കുന്ന വലിയ വിഭാഗം മുസ്ലീംലീഗിലുണ്ട്. സംസ്ഥാനനേതാക്കളും ഇതിന് അനുകൂലമാണ്.
തിരുവനന്തപുരത്ത് ഫിബ്രവരി26 തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ സിഎംപിയുടെ സീറ്റും ചര്‍ച്ചാവിഷയമായേക്കും. സിഎംപിക്ക് സീറ്റ് എന്നതിലുപരിയായി സിപിഎമ്മിന്റെ ബദ്ധശത്രുവായ രാഘവന് ഒരു ഉറച്ച സീറ്റ് എന്നതാകും പ്രധാന പരിഗണന. രാഘവന്റെ മണ്ഡലമായി മട്ടാഞ്ചേരിക്ക് നറുക്ക് വീഴുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.












Click it and Unblock the Notifications