ക്രിസ്ത്യാനികള്‍ക്കെതിരേ സംഘടിത ആക്രമണമില്ലെന്ന്
ഭുവനേശ്വര്‍: ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമുദായത്തിനെതിരേ സംഘടിത ആക്രമണങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍. അടുത്തകാലത്തായി ക്രിസ്താനികള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ ഏതെങ്കിലും മതസംഘടനയ്ക്ക് പങ്കില്ലെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് മുഹമ്മദ് ഷാമിം, വൈസ്ചെയര്‍മാന്‍ തര്‍ലോചന്‍ സിംഹ് എന്നിവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും, സംഘടനയും സമുദായമുന്നണിയുമില്ല. മാധ്യമങ്ങള്‍ ഇത്തരം ആക്രണങ്ങളെ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുകയാണ്. നടന്ന ആക്രമണങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും ഗ്രാമത്തിലോ പ്രദേശത്തോ നടന്ന ചിതറിയ സംഭവങ്ങള്‍ മാത്രമാണ്. മിക്കവാറും ആക്രമണങ്ങള്‍ വ്യക്തിപരമാണ്- ഇങ്ങനെ പോകുന്നു കമ്മീഷന്റെ കണ്ടെത്തലുകള്‍.
ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒറീസ തുടങ്ങി ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ കമ്മീഷന്‍ തെളിവെടു പ്പ് നടത്തിയതായും ഒരിടത്തും ആക്രമണങ്ങള്‍ സംഘടിതമായിരുന്നുവെന്ന് കമ്മീഷന് തോന്നിയിട്ടില്ലെന്നും ത്രിലോചന്‍ സിംഹ് പറഞ്ഞു. പ്രശ്നങ്ങളും തെറ്റിദ്ധാരണകളും മാറ്റിയെടുക്കാന്‍ ക്രിസ്ത്യന്‍, ഹിന്ദു മത നേതാക്കള്‍ മുന്നോട്ടു വരണമെന്നും ആത്മാര്‍ത്ഥമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.
അടുത്ത മാസം ദില്ലിയില്‍ വച്ച് ദേശീയതലത്തില്‍ ഇത്തരമൊരു സംവാദം നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചുവെന്നും ചെയര്‍മാന്‍ അറിയിച്ചു. അതിനു ശേഷം സംസ്ഥാനതല സംവാദങ്ങള്‍ സംഘടിപ്പിക്കും. ഇത്തരമൊരു സംവാദം എത്രയും വേഗം സംഘടിപ്പിക്കണമെന്ന് ആര്‍ എസ് എസ് നേതൃത്വം കമ്മീഷനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ പഴിക്കരുതെന്ന് കമ്മീഷന്‍ അംഗം ജോണ്‍ ജോസഫ് പറഞ്ഞു. രാജ്യത്തെ വര്‍ഗീയപ്രശ്നം മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ അത്ര രൂക്ഷമൊന്നുമല്ലെന്നും ന്യൂനപക്ഷ കമ്മിഷന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications