Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാജു നാരായണ സ്വാമിക്കു മതിയായി...

Published: Thursday, February 22, 2001, 3:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

 

ദില്ലി: രാജു നാരായണ സ്വാമിക്കു മതിയായി...സ്വാമിയെ അറിയില്ലേ..? സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ മിടുക്കന്‍. നാടിനെ സേവിക്കുക എന്ന ആഗ്രഹത്തോടെ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് സിവില്‍ സര്‍വീസിലേയ്ക്ക് എത്തിയ സ്വാമിക്കു പക്ഷേ തന്റെ ആഗ്രഹത്തിന് പൂര്‍ത്തീകരണം നല്‍കാന്‍ കഴിയുമെന്നു തോന്നുന്നില്ല. സ്വാമി മാത്രം ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ...നാടു ഭരിക്കുന്നവരും ഉദ്യോഗസ്ഥ മേലാളന്മാരും കൂടി കനിയേണ്ടേ...?

ഔദ്യോഗിക പീഡനത്തില്‍മനം നൊന്ത് രാജിക്കൊരുങ്ങുകയാണ് രാജു നാരായണ സ്വാമി. അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജി വയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന് കാണിച്ച് അദ്ദേഹം കേന്ദ്ര പേഴ്സണല്‍ വകുപ്പിന് കത്തയച്ചിരിക്കുകയാണ്.

ഔദ്യോഗിക തലത്തിലുള്ള പീഡനത്തിനു പുറമേ വിവരസാങ്കേതിക വിദ്യാ മേഖലയില്‍ ഗവേക്ഷണം നടത്തുന്നതിനു വേണ്ടി അന്താരാഷ്ട്ര ഏജന്‍സിയില്‍ നിന്നും ലഭിച്ചിട്ടുള്ള വാഗ്ദാനങ്ങളും സ്വാമിയുടെ രാജി ചിന്തയ്ക്കു പിന്നിലുണ്ട്. ഐക്യരാഷ്ട്ര സഭ തങ്ങളുടെ ഐ ടി കണ്‍സള്‍ട്ടന്റായി ചുമതലയേല്‍ക്കാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടിട്ടുണ്ട്. ബനാറസ് ഹിന്ദു സര്‍വകലാശാല സ്വാമിയെ തങ്ങളുടെ വിസിറ്റിംഗ് ഫാക്കല്‍റ്റിയായും നാമനിര്‍ദ്ദേശം ചെയ്തു കഴിഞ്ഞു.

കളക്ടറായോ ഡെപ്യൂട്ടി കളക്ടറായോ മൂന്നു വര്‍ഷത്തെ ഫീല്‍ഡ് സര്‍വീസ് ഇല്ലാത്തതാണ് സ്വാമിക്ക് പ്രമോഷന്‍ കിട്ടാന്‍ തടസമായി നില്‍ക്കുന്നത്.പ്രമോഷന് പ്രാപ്തനാക്കുന്ന മൂന്നു വര്‍ഷത്തെ ഫീല്‍ഡ് സര്‍വീസ് അനുവദിക്കാനോ അല്ലാത്ത പക്ഷം ചട്ടത്തില്‍ ഇളവനുവദിച്ച് പ്രമോഷന്‍ നല്‍കാനോ തയ്യാറായില്ലെങ്കില്‍ രാജി വയ്ക്കുമെന്നാണ് സ്വാമി കേന്ദ്ര പേഴ്സണല്‍ വകുപ്പിന് അയച്ചിരിക്കുന്ന കത്തിന്റെ ഉള്ളടക്കം. സംസ്ഥാന സര്‍വീസില്‍ നിന്ന് കേന്ദ്രത്തിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോകണമെങ്കിലും മൂന്ന് വര്‍ഷം ഫീല്‍ഡ് സര്‍വീസ് ആവശ്യമാണ്.

സ്വാമിയുടെ ഇതുവരെയുള്ള ഔദ്യോഗിക ജീവിതം രണ്ട് കാര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്- അനാവശ്യമായ ലാവണം മാറ്റല്‍, അകാരണമായുള്ള അവധിയെടുപ്പിക്കല്‍. ഇവ രണ്ടും അദ്ദേഹത്തിന്റെ സര്‍വീസ് ബുക്കില്‍ വരച്ചിട്ടുള്ള കറുത്ത രേഖകള്‍ മായ്ച്ച് പ്രായശ്ചിത്തം ചെയ്യാന്‍ ഭരണ-ഉദ്യോഗസ്ഥ മേലാളന്മാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല.

കേരള വിദ്യാഭ്യാസ വകുപ്പില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള സെല്ലിന്റെ തലവനായാണ് സ്വാമിയുടെ ഇപ്പോഴത്തെ നിയമനം. സ്വതവേ ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസവകുപ്പില്‍ കാര്യമായ ചുമതലകളൊന്നുമില്ലാത്ത ഈ ജോലിയില്‍ അദ്ദേഹം അതൃപ്തനാണ്.

നേരേ ചൊവേ ജോലി ചെയ്ത് ഭരണനേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെയും അപ്രീതി സമ്പാദിച്ചതാണ് സ്വാമിയ്ക്കു വിനയായത്. ഒരു ലാവണത്തിലും തന്റെ സേവനകാലാവധി പൂര്‍ത്തിയാക്കാന്‍ അവര്‍ സ്വാമിയെ അനുവദിച്ചില്ല. ഫലം- അര്‍ഹമായ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും സ്വാമിക്ക് ഇപ്പോഴും കിട്ടാക്കനി...

ഫീല്‍ഡ് സര്‍വീസ് ലഭിക്കുന്നതിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് സ്വാമി നിരവധി തവണ കത്തെഴുതിയിരുന്നു. പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അദ്ദേഹം കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

ജന്മനാടിനു വേണ്ടെങ്കിലും സ്വാമിയെ മറ്റുള്ളവര്‍ക്കു വേണം. നാടിനെ സേവിക്കാനുള്ള തന്റെ തീവ്രമായ ആഗ്രഹത്തെ മുളയിലേ നുള്ളാന്‍ വെമ്പല്‍ കൊണ്ടവര്‍ക്ക് മറുപടിയായി ആ ആഗ്രഹം അപ്പാടെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേയ്ക്ക് സ്വാമി എത്തിക്കൊണ്ടിരിക്കുന്നു...

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like