കശുവണ്ടി കോണ്‍ഗ്രസ് കൊച്ചിയില്‍
കൊച്ചി: ലോക കശുവണ്ടി കോണ്‍ഗ്രസ് ഫിബ്രവരി 24 ശനിയാഴ്ച കൊച്ചിയില്‍ ആരംഭിക്കും. ഉത്പാദക രാജ്യങ്ങളുടെ രാജ്യാന്തരസമ്മേളനമാണിത്. ഇതാദ്യമായാണ് കശുവണ്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്നത്. മൂന്നു ദിവസം നീളുന്ന കശുവണ്ടി കോണ്‍ഗ്രസ് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി സുശീലാ ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. വ ിവിധ രാജ്യങ്ങളില്‍ നിന്നുള്ള കശുവണ്ടിയുത്പന്നങ്ങളുടെ പ്രദര്‍ശനവും കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കും.
കശുവണ്ടി ഉപഭോഗം ജനകീയമാക്കുക, ഉത്പാദകരാജ്യങ്ങള്‍ക്കിടയില്‍ നിന്നും അനാരോഗ്യകരമായ മത്സരം ഒഴിവാക്കുക, കശുവണ്ടിയെ ഒരു പോഷകാഹാരമാക്കി പ്രചരിപ്പിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ ലക്ഷ്യങ്ങള്‍.
കശുവണ്ടിയുത്പാദനം, സംസ്കരണം, വിപണനം തുടങ്ങിയ കാര്യങ്ങളില്‍ ആഗോളവത്കരണത്തിന്റെ സ്വാധീനവും സമ്മേളനം ചര്‍ച്ചാ വിഷയമാക്കും. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ( സി ഇ പി സി ഐ) ആണ് സമ്മേളനത്തിന്റെ സംഘാടകര്‍. മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സി ഇ പി സി ഐ വക്താവ് അറിയിച്ചു.
ഇന്ത്യന്‍ കശുവണ്ടിയ്ക്ക് പുതിയ വിപണനസാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി ഇ പി സി ഐ. മുന്‍ സോവിയറ്റ് യൂണിയന്‍ ആയിരുന്നു ഇന്ത്യന്‍ കശുവണ്ടിയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഇന്ത്യന്‍ കശുവണ്ടിയുടെ ഏറ്റവും വലിയ വിപണി നഷ്ടപ്പെട്ടു. ഇപ്പോള്‍ റഷ്യയുമായി പുതിയ വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള ശ്രമത്തിലാണ് സി ഇ പി സി ഐ.
1999-2000 സാമ്പത്തിക വര്‍ഷം ഇന്ത്യ 2,452 കോടി രൂപയുടെ കശുവണ്ടി കയറ്റുമതി നടത്തി. ഇത് രാജ്യത്തിന്റെ ആകെ കാര്‍ഷികോത്പന്ന കയറ്റുമതിയുടെ 16 ശതമാനമാണ്. കശുവണ്ടി ഉത്പാദനവും സംഭരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കശുവണ്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.
ലോകകശുവണ്ടി കമ്പോളത്തില്‍ ഇപ്പോള്‍ തന്നെ ഇന്ത്യയുടെ പങ്ക് 65 ശതമാനമാണ്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് സി ഇ പി സി ഐ യ്ക്ക്.












Click it and Unblock the Notifications