വേദനയുടെ ഓര്‍മകളുമായി അഷിത മടങ്ങുന്നു
കൊച്ചി: വാഹനാപകടത്തില്‍ ഇരുകാലുകളും മാതാപിതാക്കളും നഷ്ടപ്പെട്ട് എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്ത് മാസം മാത്രം പ്രായമുള്ള അഷിത ഫിബ്രവരി 24 ശനിയാഴ്ച കണ്ണൂരിലേക്ക് മടങ്ങും.
ഡിസംബര്‍ ഒന്നിന് കണ്ണൂരിലെ ചക്കരക്കല്ലിലുണ്ടായ ബസ്സപകടത്തിലാണ് അഷിതയുടെ കാലുകള്‍ നഷ്ടപ്പെട്ടത്. അച്ഛനും അമ്മയും അപകടത്തില്‍ മരിച്ചു. ഗുരുതരനിലയിലായിരുന്ന കുഞ്ഞുമായി ബന്ധുക്കള്‍ സ്പെഷ്യലിസ്റ് ആശുപത്രിയിലേക്ക് വരികയായിരുന്നു.
അഷിതയുടെ പ്രധാന ചികിത്സ കഴിഞ്ഞതായി ആശുപത്രി ഡയറക്ടര്‍ ഡോ.കെ.ആര്‍.രാജപ്പന്‍ പറഞ്ഞു. തുടര്‍ന്നുള്ള ചികിത്സയ്ക്കായി മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ തിരികെ വരേണ്ടിവരും. ചികിത്സയ്ക്ക് ഇതുവരെയുള്ള എല്ലാ ചെലവുകളും ആശുപത്രിയാണ് വഹിച്ചത്. ഭാവിയില്‍ പരിചരണം ആവശ്യമെങ്കില്‍ അതും നല്‍കുമെന്ന് ഡോ.രാജപ്പന്‍ വ്യക്തമാക്കി.
ബസ്സപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഷിതയുടെ വേദന ഏറ്റുവാങ്ങിയ ലോകമെങ്ങുമുള്ള മലയാളികളുടെ സ്നേഹവും സാന്ത്വനവും സഹായധനമായി ഇപ്പോഴും ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. സംഭാവനയായി ഇതിനകം 5,33,497 രൂപയാണ് ലഭിച്ചത്. സാമ്പത്തികസഹായവുമായി മുന്നോട്ടുവന്ന വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും അഷിതയുടെ ബന്ധുക്കളായ രമേശന്‍, രവീന്ദ്രന്‍, ഉഷ, ജയ എന്നിവര്‍ നന്ദി പറഞ്ഞു.












Click it and Unblock the Notifications