യു ഡി എഫിനെ ആന്റണി നയിക്കും
തിരുവനന്തപുരം: എ കെ ആന്റണിയുടെ നേതൃത്വത്തിലായിരിക്കും യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്. നേതൃത്വം സംബന്ധിച്ച് ഇപ്പോള്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നിയമസഭാകക്ഷി നേതാവിനേയും കെ പി സി സി പ്രസിഡന്റിനേയും പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിശ്ചയിക്കുമെന്നും ആസാദ് പറഞ്ഞു.
കോണ്‍ഗ്രസിലെ വിരുദ്ധ ഗ്രൂപ്പ് നേതാക്കളുമായും ഘടകകക്ഷിനേതാക്കളുമായി ഫിബ്രവരി 24 ശനിയാഴ്ച എ ഐ സി സി പ്രസിഡന്റ് സോണിയ ഗാന്ധിക്കൊപ്പം ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആസാദ്.
ഇപ്പോള്‍ എ കെ ആന്റണിയാണ് പ്രതിപക്ഷ നേതാവ്. ആന്റണിയുടെ നേതൃത്വത്തിലായിരിക്കും യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുക. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ചേരിപ്പോരൊന്നുമില്ലെന്നും യു ഡി എഫ് തികഞ്ഞ ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും-ആസാദ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്നും തിരഞ്ഞടുപ്പില്‍ യു ഡി എഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയെ സോണിയ ഗാന്ധി നിശ്ചയിക്കുമെന്നും ഫിബ്രവരി 23 വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹൈക്കമാണ്ട് വ്യക്തമാക്കിയിരുന്നു.ആന്റണിയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വക്താവ് എസ് ജയ്പാല്‍ റെഡ്ഡി ഈയിടെ പ്രസ്താവിച്ചതിനോട് കരുണാകരവിഭാഗം അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ഇക്കാര്യത്തില്‍ ഹൈക്കമാണ്ടിന്റെ പുതിയ വിശദീകരണം.












Click it and Unblock the Notifications