യു ഡി എഫ് നേതാക്കള്‍ സോണിയയെ കണ്ടു
തിരുവനന്തപുരം: യു ഡി എഫ് നേതാക്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പ് നേതാക്കളുമായും യു ഡി എഫിലെ ഘടകകക്ഷി നേതാക്കളുമായി ഫിബ്രവരി 24 വെള്ളിയാഴ്ചയാണ് സോണിയ കൂടിക്കാഴ്ച നടത്തിയത്.
മുന്‍മുഖ്യമന്ത്രി കെ. കരുണാകരനും പ്രതിപക്ഷനേതാവ് എ കെ ആന്റണിയുമായി സോണിയ പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. യു ഡി എഫ് നേതാക്കളായ കെ എം മാണി , പി കെ കുഞ്ഞാലിക്കുട്ടി, കെ ആര്‍ ഗൗരിയമ്മ, ടി എം ജേക്കബ് എന്നിവരും സോണിയയെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.
എ കെ ആന്റണി നയിക്കുന്ന കേരള മോചന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു സോണിയ. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ യു ഡി എഫിലേയും കോണ്‍ഗ്രസിലേയും പടല പിണക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയെന്നതാണ് സോണിയയുടെ കൂടിക്കാഴ്ചകള്‍ക്കു പിന്നില്‍.
ഘടകകക്ഷിനേതാക്കള്‍ പ്രത്യേകം നിര്‍ദ്ദേശിച്ചതു പ്രകാരമാണ് ഈ കൂടിക്കാഴ്ചകള്‍. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കുന്നത് ഘടകകക്ഷിനേതാക്കളില്‍ അസ്വസ്ഥത പരത്തിയിട്ടുണ്ട്.
എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും ശനിയാഴ്ചത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് എം പി മാര്‍, എം എല്‍ എ മര്‍, കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്റുമാര്‍ എന്നിവരും സോണിയയെ സന്ദര്‍ശിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ ധരിപ്പിച്ചു.
കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് പ്രതികൂലമായി മാറുമെന്ന് ഘടകകക്ഷി നേതാക്കള്‍ ഭയപ്പെടുന്നു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഘടകകക്ഷി നേതാക്കള്‍ ഈ ഭയം അവരെ അറിയിച്ചിട്ടുണ്ടെന്നറിയുന്നു.
കോണ്‍ഗ്രസിലെ സീറ്റ് വിഭജനവും പ്രശ്നമായിരിക്കുകയാണ്. തങ്ങള്‍ക്ക് 50 സീറ്റുകള്‍ വേണമെന്നാണ് കരുണാകരവിഭാഗത്തിന്റെ നിലപാട്. കോണ്‍ഗ്രസിനുള്ള ബാക്കി സീറ്റുകള്‍ ആന്റണി ഗ്രൂപ്പും തിരുത്തല്‍വാദി, വയലാര്‍ രവി ഗ്രൂപ്പുകളും ചേര്‍ന്ന് പങ്കിടട്ടെയെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഐ ഗ്രൂപ്പിന്റെ ഈ നിലപാടിനോട് യു ഡി എഫിലെ ഘടകകക്ഷി നേതാക്കളും നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യു ഡി എഫ് ഉന്നതതല യോഗം ഫിബ്രവരി 26 തിങ്കളാഴ്ച ചേരുന്നുണ്ട്. ഫിബ്രവരി 25 ഞായറാഴ്ച പി സി സി എക്സിക്യൂട്ടീവും ചേരുന്നുണ്ട്.












Click it and Unblock the Notifications