ബജറ്റ്: വിനോദമേഖലയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍
ദില്ലി: ഫിബ്പരവി 28 ന് അവതരിപ്പിക്കപ്പെടുന്ന കേന്ദ്ര ബജറ്റില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വിനോദ വ്യവസായ മേഖല. ഇന്റര്‍നെറ്റ്, ആശയവിനിമയ, സംപ്രേക്ഷണ മേഖലകളെ കൂട്ടി യോജിപ്പിച്ച് ഒരു കുടയ്ക്കു കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഈ മേഖലകളില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ ബജറ്റാനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്ന് വിനോദവ്യവസായ മേഖല സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
വിനോദവ്യവസായ മേഖലയോടുള്ള സര്‍ക്കാര്‍ കാഴ്ചപ്പാടില്‍ കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. വിവരസാങ്കതിക വിദ്യാ നിയമം പാസാക്കിയതും , ഡയറക്ട് ടു ഹോം സംപ്രേക്ഷണത്തിന് അനുമതി നല്‍കിയതും, എഫ് എം റേഡിയോ ചാനലുകള്‍ അനുവദിച്ചതും, ആശയവിനിമയ ഏകീകരണ ബില്ലിന് രൂപം നല്‍കുന്നതുമൊക്കെ സര്‍ക്കാരിന്റെ പുതിയ നയത്തിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ പുതിയ വിനോധമേഖലകളുടെ കടന്നു കയറ്റത്തോടെ നിലനില്‍പ് ഭീഷണി നേരിടുന്ന ചലച്ചിത്ര വ്യവസായ മേഖല കൂടുതല്‍ ആനുകൂല്യങ്ങള്‍ വേണമെന്ന ആവശ്യത്തിലാണ്. അനധികൃത വീഡിയോ പകര്‍പ്പെടുക്കല്‍ നിയമം മൂലം നിരോധിക്കണമെന്ന ചലച്ചിത്രമേഖലയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കളര്‍ പ്രിന്റുകളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും എടുത്തുകളയണമെന്നതുള്‍പ്പെടെ പല ആവശ്യങ്ങളും ചലച്ചിത്ര മേഖല സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്. ദേശീയ ഖജനാവിലേയ്ക്ക് ഏറ്റവുമധികം വരുമാനം നല്‍കുന്ന വിനോദവ്യവസായ മേഖലയ്ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതിയും ചലച്ചിത്ര വ്യവസായികള്‍ക്കുണ്ട്. വിനോദ നികുതി യുക്തിപൂര്‍വമായി ഏകീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ചലച്ചിത്ര മേഖല ആവശ്യപ്പെടുന്നു.
ചലച്ചിത്രമേഖലയുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ കളര്‍ പ്രിന്റുകളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചിരുന്നു.
സംപ്രേക്ഷണരംഗത്തെ സോഫ്റ്റ്വെയറുകളുടെ നികുതി നിര്‍ണയത്തിലും മറ്റും വിവരസാങ്കേതിക വിദ്യാ സോഫ്റ്റ്വെയറുകളോടുള്ള സമീപനം തന്നെ വേണമെന്ന് പ്രക്ഷേപണ വ്യവസായികള്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നു. ഇത് ചാനല്‍ വരിക്കാരെ ഗുണകരമാകുമെന്നും ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിയെ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രസാര്‍ ഭാരതി കോര്‍പറേഷനുള്ള സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന് കോര്‍പറേഷന്‍ ധനകാര്യമന്ത്രാലയത്തോടഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1130.30 കോടി രൂപയുടെ ധനസഹായം വിവിധയിനങ്ങളിലായി കോര്‍പറേഷന് ലഭിച്ചിരുന്നു. ഇതില്‍ നിന്നുള്ള വര്‍ദ്ധനയാണ് കോര്‍പറേഷന്‍ ഇത്തവണ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications