കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ മകന്‍ കൈക്കൂലി ആവശ്യപ്പെട്ടു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ താപവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കുന്നതിന് വി.എസ്.അച്യുതാനന്ദന്റെ മകന്‍ 75 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കണ്ണൂര്‍ പവര്‍ പ്രൊജക്ട് ചെയര്‍മാന്‍ കെ.പി.പി.നമ്പ്യാര്‍.

അച്യതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ അടുത്ത സുഹൃത്തായ വി.ഐ.ശൈലേശ്വരന്‍ എന്ന ഏജന്റാണ് ആകെ പദ്ധതിച്ചെലവിന്റെ അഞ്ച് ശതമാനം കമ്മീഷനായി അരുണ്‍കുമാറിന് നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്ന് ഫിബ്രവരി 25 ഞായറാഴ്ച നമ്പ്യാര്‍ പറഞ്ഞു.

1999 ജൂണിലാണ് സംഭവങ്ങളുടെ തുടക്കം. മസ്കറ്റില്‍ ജോലിചെയ്യുന്ന ശൈലേശ്വരന്‍ അരുണ്‍കുമാറിന്റെ അടുത്ത സുഹൃത്താണെന്നും അയാള്‍ക്ക് നമ്പ്യാരോട് സംസാരിക്കണമെന്നും അന്ന് കോഴിക്കോട്ടുള്ള ഒരാളാണ് നമ്പ്യാരെ അറിയിച്ചത്.

പിന്നീട് ശൈലേശ്വരന്‍ നമ്പ്യാരെ ഫോണില്‍ ബന്ധപ്പെട്ടു. വൈദ്യുതി മന്ത്രി എസ്.ശര്‍മയുമായും അച്യുതാനന്ദനുമായും താന്‍ നല്ല അടുപ്പത്തിലാണെന്നും കണ്ണൂര്‍ പദ്ധതിയുടെ തടസങ്ങള്‍ നീക്കാന്‍ വേണ്ടത് ചെയ്യാമെന്നും പറഞ്ഞ ശൈലേശ്വരന്‍ നമ്പ്യാരെ നേരില്‍ കാണണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു.

എന്നാല്‍ താന്‍ ഇതില്‍ അധികം താല്‍പര്യം കാണിച്ചില്ലെന്ന് നമ്പ്യാര്‍ പറയുന്നു. മന്ത്രിയും മറ്റുമായി സംസാരിക്കുന്നതിന് പുറത്തുള്ള ഏജന്റിന്റെ ആവശ്യമില്ലെന്നായിരുന്നു നമ്പ്യാരുടെ നിലപാട്. എന്നാല്‍ ശൈലേശ്വരന്‍ നിരന്തരമായി ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് ശൈലേശ്വരനെ കാണാന്‍ നമ്പ്യാര്‍ തന്റെ മാനേജര്‍ ശശിധരനോട് നിര്‍ദേശിച്ചു.

1999 ആഗസ്ത് അഞ്ചിന് അരുണ്‍കുമാര്‍ നമ്പ്യാരുടെ മാനേജരെ വിളിച്ച് പിറ്റേന്ന് തിരുവനന്തപുരത്തുള്ള ഹോട്ടല്‍ ഹൊറൈസണിലെത്തി ശൈലേശ്വരനെ കാണണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ശശിധരന്‍ ശൈലേശ്വരനെ കണ്ടു.

75 കോടി രൂപ മസ്കറ്റില്‍ നല്‍കിയാല്‍ എല്ലാ രേഖകളും ശരിപ്പെടുത്തി പദ്ധതിക്കായി അനുമതി തരപ്പെടുത്തിക്കൊടുക്കാമെന്ന് ശൈലേശ്വരന്‍ പറഞ്ഞു. അനുമതി നല്‍കുന്ന കാര്യം അരുണ്‍കുമാര്‍ ഏറ്റുവെന്നും ശൈലേശ്വരന്‍ ഉറപ്പ് നല്‍കി.

അന്ന് രാത്രി ഏഴരയ്ക്ക് തിരുവനന്തപുരം ഒരു ഹോട്ടലില്‍ വച്ച് കാണാമെന്ന് അരുണ്‍കുമാര്‍ ഫോണ്‍ ചെയ്ത് ശശിധരനെ അറിയിച്ചു. അനുമതി നല്‍കുന്ന കാര്യം താനേറ്റുവെന്നും പണമിടപാടുകളെ കുറിച്ചുള്ള കാര്യങ്ങള്‍ ശൈലേശ്വരനുമായി സംസാരിക്കണമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ പദ്ധതി സംബന്ധിച്ച രേഖകളൊന്നും സംസ്ഥാനത്ത് നിന്നും കേന്ദ്രത്തിലേക്ക് പോകില്ലെന്നും അരുണ്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. ഇത് ശശിധരന്‍ നമ്പ്യാരെ അറിയിക്കുകയായിരുന്നു.

കൈക്കൂലി നല്‍കി പദ്ധതി നടപ്പാക്കുന്നതിനേക്കാള്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ ശശിധരനോട് പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടും തടസമുണ്ടായതോടെ അരുണ്‍കുമാര്‍ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു.- നമ്പ്യാര്‍ പറഞ്ഞു.

വിദേശ പങ്കാളി വേണമെന്ന വൈദ്യുത അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഞാന്‍ എല്‍ പാസോ എന്ന കമ്പനിയെ കൊണ്ടുവന്നത്. അതോറിറ്റി സാങ്കേതിക സാമ്പത്തിക അനുമതിയും നല്‍കി. കഴിഞ്ഞ വര്‍ഷം ആഗസ്ത് 23ന് പദ്ധതി വൈദ്യുതി ബോര്‍ഡ് അംഗീകരിച്ചു. എന്നാല്‍ ഈ ശുപാര്‍ശ മാസങ്ങളായി വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. അരുണ്‍കുമാറിന്റെ ഭീഷണി ശരിയാണെന്ന് അപ്പോള്‍ ബോധ്യപ്പെട്ടു-നമ്പ്യാര്‍ വ്യക്തമാക്കി.

ഞാന്‍ എന്‍റോണിന്റെ ഏജന്റാണെന്ന അച്യുതാനന്ദന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ഞാന്‍ തന്നെയാണ് പദ്ധതിയില്‍ നിന്നും എന്‍റോണിനെ ഒഴിവാക്കിയത്. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് എന്‍റോണിനെ മാറ്റിയത് - നമ്പ്യാര്‍ വെളിപ്പെടുത്തി.

തന്റെ ആരോപണങ്ങള്‍ക്കെതിരെ അരുണ്‍കുമാര്‍ നിയമനടപടിക്ക് മുതിരാത്തത് അവ സത്യമായതുകൊണ്ടാണെന്ന് നമ്പ്യാര്‍ പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ വികസനത്തിനുതകുന്ന പദ്ധതിയാണ് മകന് വേണ്ടി അച്യുതാനന്ദന്‍ അട്ടിമറിക്കുന്നതെന്ന് നമ്പ്യാര്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X