ഹിന്ദുജമാരുടെ ഹര്‍ജി: വിധി മാറ്റിവച്ചു
ദില്ലി: ഇന്ത്യ വിടാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുജ സഹോദരന്മാര്‍ നല്കിയ ഹര്‍ജിയിന്മേലുള്ള വിധി ദില്ലി ഹൈക്കോടതി നീട്ടിവച്ചു. കേസില്‍ ഫിബ്രവരി 26 തിങ്കളാഴ്ച ഒരു മണിക്കൂറോളം വാദം കേട്ട ശേഷം ജഡ്ജി വിധി മാറ്റിവയ്ക്കുകയായിരുന്നു.
ബ്രിട്ടനിലും സ്വിറ്റ്സര്‍ലന്റിലുമായി ജീവിക്കുന്ന തങ്ങള്‍ ഇന്ത്യയിലേക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാറിനെതിരെ കോടതിയില്‍ വാദിക്കില്ലെന്ന് ഹിന്ദുജ സഹോദരന്മാര്‍ ഹര്‍ജിയില്‍ ഉറപ്പുനല്കിയിട്ടുണ്ട്. അതുകൊണ്ട് ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട് ആവശ്യമുള്ളപ്പോഴൊക്കെ ഇന്ത്യയിലേക്ക് തങ്ങളെ വിട്ടുകിട്ടാന്‍ പ്രയാസമില്ലെന്നായിരുന്നു ഹിന്ദുജ സഹോദരന്മാരുടെ വാദം.
ഹിന്ദുജ സഹോദരന്മാര്‍ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ കപില്‍ സിബിലാണ് ഹാജരായത്. അതേ സമയം ഹിന്ദുജ സഹോദരന്മാരെ ഇന്ത്യ വിടാന്‍ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് അവരെ വിചാരണ ചെയ്യുന്ന സിബിഐ കോടതിയാണെന്ന് സിബിഐ അഭിഭാഷകന്‍ വാദിച്ചു. ബോഫോഴ്സ് കേസില്‍ വിചാരണ നേരിടുന്ന മറ്റൊരു പ്രതി വിന്‍ ഛദ്ദയെ ചികിത്സാര്‍ത്ഥം വിദേശത്തേക്കു പോകാന്‍ സുപ്രീം കോടതി അനുവദിക്കാതിരുന്ന കാര്യവും സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ഇന്ത്യവിടാനുള്ള ഹിന്ദുജ സഹോദരന്മാരുടെ അപേക്ഷ സിബിഐ കോടതി തള്ളിക്കളഞ്ഞിരുന്നു. ഈ വിധിക്കെതിരെയാണ് അവര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ കേസില്‍ ഒരു മണിക്കൂര്‍ നേരം വാദം കേട്ട ശേഷം ഹൈക്കോടതി ജഡ്ജി വിധി മാറ്റിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications