കൈക്കൂലി ആരോപണം: നിയമസഭയില്‍ ബഹളം
തിരുവനന്തപുരം: കണ്ണൂര്‍ താപനിലയത്തിന് അനുമതി ലഭിക്കുന്നതിനായി വി.എസ്.അച്യുതാനന്ദന്റെ മകന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതായുള്ള ആരോപണത്തെച്ചൊല്ലി പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.
പദ്ധതി അനുവദിക്കാന്‍ വിഎസിന്റെ മകന്‍ 75 കോടി രൂപ കമ്മീഷന്‍ ചോദിച്ചുവെന്നാണ് ആരോപണം. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഫിബ്രവരി 26 തിങ്കളാഴ്ച അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഭ പിരിഞ്ഞു.
അടിയന്തിര സ്വഭാവമുള്ളതല്ലാത്തതിനാല്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടില്‍ സ്പീക്കര്‍ എം.വിജയകുമാര്‍ ഉറച്ചു നിന്നു. ഇടക്കാല ബഡ്ജറ്റിനെ കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ പ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതില്‍ തൃപ്തരാവാത്ത പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭാതളത്തിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഒന്നരമണിക്കൂര്‍ കഴിഞ്ഞ് സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം സ്പീക്കറുടെ വിശദീകരണങ്ങള്‍ക്ക് ചെവികൊടുക്കാതെ അച്യുതാനന്ദനെതിരെ മുദ്രാവാക്യം വിളികളുമായി സഭാതളത്തിലേക്ക് ഇറങ്ങിച്ചെന്നു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
അച്യുതാനന്ദനും മകനുമെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു നിയമസഭാ സമിതി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഏ.കെ.ആന്റണി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റിട്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റിന്റെ അദ്ധ്യക്ഷനും ഇടതുപക്ഷ ചായ്വുണ്ടെന്ന് സമ്മതിച്ചിട്ടുമുള്ള കെ.പി.പി.നമ്പ്യാരാണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നതെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ഫലമായി സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന പദ്ധതികളില്‍ ഏറ്റവും ഒടുവിലത്തേതാണ് കണ്ണൂര്‍ താപനിലയമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications