ഗ്രൂപ്പിസം മന്ത്രി ശര്‍മ്മയ്ക്ക് വിനയാകുന്നു
കൊച്ചി: മന്ത്രി എസ്. ശര്‍മയുടെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന് കീറാമുട്ടിയാകുന്നു. ശര്‍മയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന കമ്മിറ്റി സമ്മതിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രകമ്മിററിക്ക് പരാതി അയക്കാനാണ് ജില്ലാ കമ്മിറ്റിയുടെ നീക്കം.
ശര്‍മയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ജില്ലാ കമ്മിറ്റിയില്‍ രണ്ടംഗങ്ങള്‍ മാത്രമാണെതിര്‍ത്തത്. കമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് മേല്‍ക്കമ്മിറ്റിയുടെ ഇടപെടല്‍ അനിവാര്യമാക്കിയിരിക്കുകയാണെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുന്നു.
പിണറായി പക്ഷത്തിന് ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റിയാണ് വിഎസ് പക്ഷത്തിന്റെ ഉറച്ച വക്താവായ ശര്‍മയെ തിരഞ്ഞെടുപ്പില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നത്. എന്ത് വിലകൊടുത്തും ശര്‍മയെ മത്സരിപ്പിക്കാനാണ് വിഎസ് പക്ഷത്തിന് മുന്‍ തൂക്കമുള്ള എറണാകുളം ജില്ലാ കമ്മിറ്റിയുടെ നീക്കം.
രണ്ട് വട്ടം മത്സരിച്ചവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കരുതെന്ന പൊതുനയമാണ് ശര്‍മയെ മാറ്റിനിര്‍ത്തുന്നതിന് കാരണമായി പിണറായി പക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ മുന്‍നിരക്കാരനും യുവനേതാവുമായ ശര്‍മയ്ക്ക് തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സമയമായില്ലെന്ന് വിഎസ് പക്ഷം പറയുന്നു.
സുരക്ഷിതമായ മണ്ഡലം ജില്ലയ്ക്ക് പുറത്താണെങ്കിലും നല്‍കണമെന്നാണ് സംസ്ഥാന കമ്മിറ്റിയോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. വിഎസ് പക്ഷത്തിന് മുന്‍തൂക്കമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശര്‍മ മത്സരിക്കുന്നതിനെ എതിര്‍ക്കുന്നില്ല.












Click it and Unblock the Notifications