ആരോപണം വഴിവിട്ട് സഹായിക്കാത്തതിനാല്‍: വിഎസ്
തിരുവനന്തപുരം: വഴിവിട്ട് സഹായിക്കാന്‍ തയ്യാറാകാത്തതിനാലാണ് കെ.പി.പി. നമ്പ്യാര്‍ തന്റെ മകനെതിരെ ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍.
ഈ ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി, കെ. കരുണാകരന്‍, ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇവര്‍ നടത്തിയ ഗൂഢാലോചനയാണ് ആരോപണത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ പവര്‍ പ്രൊജക്ടിന് അംഗീകാരം ലഭിക്കാനായി തന്റെ മകന്‍ അരുണ്‍കുമാര്‍ 75 കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന കെ.പി.പി. നമ്പ്യാരുടെ ആരോപണത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഫിബ്രവരി 26 തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
കെല്‍ട്രോണ്‍ ചെയര്‍മാനായിരിക്കെ സോവിയറ്റ് യൂണിയനുമായുള്ള 4.5 കോടി രൂപയുടെ കരാര്‍ സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് നമ്പ്യാര്‍ തന്നെ സമീപിച്ചിരുന്നു. ഈ അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് നമ്പ്യാര്‍ ഇപ്പോള്‍ ആരോപണവുമായി എത്തിയിരിക്കുന്നത്. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് ചെയര്‍മാന്‍ സ്ഥാനം നമ്പ്യാര്‍ക്ക് നഷ്ടമാകും - അച്യുതാനന്ദന്‍ പറഞ്ഞു.
എന്‍റോണുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നുദ്ദേശിച്ചാണ് പദ്ധതിക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍ കരാറിന് അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് നമ്പ്യാര്‍ എകെജി സെന്ററിലും തന്റെ വീട്ടിലും വന്നിരുന്നു - അച്യുതാനന്ദന്‍ വിശദീകരിച്ചു.
ഞാന്‍ ഒരു വാക്കു പറഞ്ഞല്‍ പദ്ധതിയുടെ കാര്യം വീണ്ടും പരിഗണിക്കാന്‍ പാര്‍ട്ടി നേതാക്കളായ ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്, ജ്യോതി ബസു, സീതാറാം യെച്ചൂരി എന്നിവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നമ്പ്യാര്‍ എന്നെ സമീപിച്ചത്. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പദ്ധതി പൊളിറ്റ് ബ്യൂറോ തള്ളിക്കളഞ്ഞതെന്നും അതില്‍ നിന്നും മാറുകയില്ലെന്നും ഞാന്‍ നമ്പ്യാരെ അറിയിച്ചു - അച്യുതാനന്ദന്‍ പറഞ്ഞു.
ആരോപണത്തിന്റെ പേരില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ആരോപണത്തിനെതിരെ അരുണ്‍കുമാര്‍ ഇതിനകം തന്നെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് - അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications