കുടിവെള്ളത്തിനായി വഴി തടയല്‍
കൊച്ചി: കുടിവെള്ളക്ഷാമത്തില്‍ പ്രതിഷേധിച്ച് വൈപ്പിന്‍കരയില്‍ ഒരു വിഭാഗം ജനങ്ങള്‍ റോഡ് ഗതാഗതം സ്തംഭിപ്പിച്ചു.
ഫിബ്രവരി 26 തിങ്കളാഴ്ച രാവിലെയാണ് എളങ്കുന്നപ്പുഴയില്‍ റോഡിന് കുറുകെ കയറ് കെട്ടിയും വാഴത്തടകള്‍ നിരത്തിയും ഗതാഗതം സ്തംഭിപ്പിച്ചത്. എളങ്കുന്നപ്പുഴയിലേക്ക് കുടിവെള്ളവുമായെത്തിയ രണ്ട് ടാങ്കറുകളും തടഞ്ഞിട്ടു. എളങ്കുന്നപ്പുഴ നടവഴിക്ക് പടിഞ്ഞാറ് വശം ഒമ്പത് ദിവസമായി വെള്ളമെത്തിയില്ലെന്ന് പരാതിപ്പെട്ടാണ് വഴിതടഞ്ഞത്.
വഴിതടയലിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇതേ പ്രശ്നത്തില്‍ ബസ് സര്‍വീസുകള്‍ നിലച്ചിരുന്നു. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടും ഗതാഗതം തടസപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ ചെറായി ദേവസ്വം നടയില്‍ ഏഴ് കുടിവെള്ള ടാങ്കറുകള്‍ തടഞ്ഞിട്ടു. അരമണിക്കൂറിന് ശേഷം പൊലീസെത്തിയാണ് ടാങ്കറുകളെ കടത്തിവിട്ടത്.
എളങ്കുന്നപ്പുഴയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് രണ്ട് ടാങ്കറുകളില്‍ പടിഞ്ഞാറെ നടയില്‍ വെള്ളമെത്തിച്ച് റോഡ് തടസം നീക്കിയെങ്കിലും ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനായില്ല. കുടിവെള്ളക്ഷാമത്തിന്റെ പേരില്‍ ഈ മാസം ഇത് മൂന്നാം തവണയാണ് വൈപ്പിനില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നത്. ഈ മാസം 14നും 24നും ബസ് ഗതാഗതം സ്തംഭിപ്പിച്ച് നടത്തിയ സമരങ്ങള്‍ വ്യാപകമായ എതിര്‍പ്പിനിടയാക്കിയിരുന്നു.
അനാവശ്യ സമരം നടത്തി യാത്രക്കാരെ വലയ്ക്കുന്നതിലും ബസുടമകള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയതിലും ബസുടമാ സംഘം പ്രതിഷേധിച്ചു. സമരക്കാര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നും സംഘം അറിയിച്ചു.












Click it and Unblock the Notifications