പറവൂരില്‍ പി.രാജു മത്സരിക്കും
കൊച്ചി: എറണാകുളം ജില്ലയില്‍ ഇടതുമുന്നണിയുടെ ഉറച്ച സീറ്റെന്നറിയപ്പെടുന്ന പറവൂരില്‍ സിപിഐയിലെ പി.രാജു തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥി.
പി.രാജുവിനെ അങ്കത്തിനിറക്കുന്ന കാര്യത്തില്‍ സിപിഐക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ലെങ്കിലും കോണ്‍ഗ്രസില്‍ അതല്ല സ്ഥിതി. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും വൈകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പറവൂരില്‍ രാജുവിനുള്ള സ്വാധീനം കണക്കിലെടുത്താണ് രണ്ട് തവണ വിജയിച്ചുവെങ്കിലും രാജുവിനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ തീരുമാനിച്ചത്. രാജുവിന്റെ ജനസമ്മതിയെ മറികടക്കാന്‍ കഴിവുള്ള എതിരാളിയെ കണ്ടെത്താനായാല്‍ ഫലം തങ്ങള്‍ക്കനുകൂലമാക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പറവൂര്‍ക്കാരനായ കെപിസിസി സെക്രട്ടറി കെ.പി.ധനപാലനാണ് പ്രാരംഭ ചര്‍ച്ചകളില്‍ മുന്‍തൂക്കം. ഘടകകക്ഷികള്‍ക്ക് മണ്ഡലം കൈമാറിയാലോ എന്നും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും മുന്നണിപ്പോരാളിയായിരുന്ന ധനപാലന്‍ മുന്‍ നഗരസഭാ പ്രതിപക്ഷ നേതാവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചുവപ്പുകോട്ടയായ കൊടുങ്ങല്ലൂരില്‍ പൊരുതി തോറ്റിരുന്നു.
രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരീക്ഷണാര്‍ത്ഥം പ്രയോഗിച്ചത് ഇവിടെയാണ്. വോട്ടര്‍മാരുടെ വിദ്യാഭ്യാസ നിലവാരവും മറ്റും പരിഗണിച്ചാണ് പരീക്ഷണത്തിനായി പറവൂരിനെ തിരഞ്ഞെടുത്തത്. എതിരാളി ആരായിരുന്നാലും എറണാകുളം ജില്ലയിലെ ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായിരിക്കും പറവൂരില്‍ നടക്കുക.












Click it and Unblock the Notifications