തൊഴിലില്ലാത്തവര്‍ 42 ലക്ഷം
തിരുവനന്തപുരം: കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നു. 2000 ലെ കണക്കു പ്രകാരം 41.86 ലക്ഷം യുവാക്കളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത തൊഴില്‍ രഹിതരുടെ എണ്ണം വേറെ.
1999ല്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ 39 ലക്ഷമായിരുന്നു. 1998 ല്‍ ഇത് 37.84 ലക്ഷവും 1994 ല്‍ 41.69 ലക്ഷവും ആയിരുന്നു.
എസ് എസ് എല്‍ സി ക്കു മുകളില്‍ വിദ്യാഭ്യാസമുള്ള തൊഴില്‍രഹിതര്‍ 2000 ല്‍ 32.40 ലക്ഷം. 1999ല്‍ ഇവരുടെ എണ്ണം 29.96 ലക്ഷമായിരുന്നു. ആകെ തൊഴില്‍ രഹിതരുടെ 77 ശതമാനം ഇവരാണ്. എസ് എസ് എല്‍ സി നിലവാരത്തില്‍ താഴെ വിദ്യാഭ്യാസമുള്ള തൊഴില്‍ രഹിതര്‍ 9.45 ലക്ഷമായി. 1999 ല്‍ ഇവരുടെ എണ്ണം 9.04 ലക്ഷമായിരുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബിരുദധാരികള്‍ രണ്ടരലക്ഷമാണ്. 1999 ല്‍ ഇവരുടെ എണ്ണം 2.29 ലക്ഷമായിരുന്നു. ബിരുദാനന്തരബിരുദധാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 1999ല്‍ ബിരുദാനന്തരബിരുദധാരികള്‍ 52,000 ആയിരുന്നുവെങ്കില്‍ 2000 ല്‍ ഇത് 57,900 ആണ്.
പ്രഫഷണല്‍- സാങ്കേതിക വിദ്യാഭ്യാസം നേടിയതിനു ശേഷവും തൊഴിലിനായി അലയുന്നവരുടെ എണ്ണം 2000 ല്‍ 1,66,060 ആയി. 1999ല്‍ ഇത് 1,54,750 ആയിരുന്നു. തൊഴില്‍രഹിതരായ മെഡിക്കല്‍ ബിരുദധാരികളുടെ എണ്ണത്തിലും വര്‍ധനവാണുള്ളത്. 2,395 മെഡിക്കല്‍ ബിരുദധാരികളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1999 ല്‍ ഇവരുടെ എണ്ണം 1698 ആയിരുന്നു.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഇക്കണോമിക് റിവ്യൂവില്‍ നിന്നാണ് ഈ കണക്കുകള്‍. സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടി വരുന്നതായി റിവ്യൂവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് സ്ത്രീകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ സ്ത്രീകളാണ് കൂടുതല്‍. പാലക്കാട്, കാസര്‍കോഡ് എന്നിവ ഒഴികെ എല്ലാ ജില്ലകളിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ത്രീകളുടെ എണ്ണം 23.135 ലക്ഷമാണ്. പുരുഷന്മാരുടെ എണ്ണം 18.72 ലക്ഷവും.
ഏറ്റവും കൂടുതല്‍ തൊഴില്‍ അന്വേഷകര്‍ തിരുവനന്തപുരം ജില്ലയിലാണ്. കൊല്ലത്തിനാണ് രണ്ടാം സ്ഥാനം. ഏറ്റവും കുറവ് തൊഴില്‍ അന്വേഷകര്‍ വയനാട് ജില്ലയിലാണ് ( 8,600 പേര്‍). കാസര്‍കോട്ടും തൊഴില്‍ അന്വേഷകര്‍ കുറവാണ്.( 9,700 പേര്‍).
വളരെ വിചിത്രമായ മറ്റൊരു വസ്തുതയുമുണ്ട്. കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലും തൊഴിലാളികളെ കിട്ടാന്‍ ഏറ്റവും പ്രയാസമുള്ള സംസ്ഥാനം കേരളമാണ്. വെള്ളക്കോളര്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ ഏറെപ്പേര്‍ക്കും അസംഘടിത മേഖലയിലോ മറ്റ് സംസ്ഥാനങ്ങളിലോ വിദേശങ്ങളിലോ ജോലിയുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര്‍ രജിസ്റര്‍ ചെയ്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ, എസ്എസ്എല്‍സി പാസായ, തൊഴില്‍ രഹിതര്‍ക്ക് 120 രൂപ വീതം തൊഴില്‍രഹിത വേതനം ലഭിക്കും. 35 വയസ്സുവരെ അവര്‍ തൊഴില്‍ രഹിത വേതനത്തിന് അര്‍ഹരാണ്.












Click it and Unblock the Notifications