പാതിരാമണല്‍ ഒബ്റോയി ഗ്രൂപ്പിന്
തിരുവനന്തപുരം: ആലപ്പുഴയില്‍ വേമ്പനാട്ടു കായലിലുള്ള പാതിരാമണല്‍ ദ്വീപ് ഒബ്റോയി ഗ്രൂപ്പിന് പാട്ടത്തിനു നല്‍കുന്നു. മുപ്പത് വര്‍ഷത്തേയ്ക്ക് ദ്വീപ് പാട്ടത്തിനു നല്‍കുന്നത് ടെണ്ടര്‍ പോലും വിളിക്കാതെയാണ്. പാതിരാമണലിന്റെ ഭൂമി വില കണക്കാക്കി വിലയുടെ പത്തുശതമാനം പ്രതിവര്‍ഷം പാട്ടമായി ഈടാക്കാനാണ് തീരുമാനം. പാട്ടത്തിനു നല്‍കുമ്പോള്‍ ടെണ്ടര്‍ വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് കെ ടി ഡി സി ചെയര്‍മാന്‍ സി കെ ചന്ദ്രപ്പന്‍.
കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറഷന്റെ അനുബന്ധ സ്ഥാപനമായ ടൂറിസം റിസോര്‍ട്ട് കേരള ലിമിറ്റഡും ഒബ്റോയി ഗ്രൂപ്പും സംയുക്തമായി രൂപീകരിച്ച കമ്പനിയാണ് പാതിരാമണലില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും നിര്‍മ്മിക്കുന്നത്.
എന്നാല്‍ പാതിരാമണല്‍ ദ്വീപ് സ്വകാര്യസ്ഥാപനത്തിനു കൈമാറുന്നത് പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്നാരോപിച്ച് പരിസ്ഥിതി സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ദ്വീപില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ നിലപാട്.
പാതിരാമണലില്‍ നടപ്പാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂവെന്ന് കെ ടി ഡി സി ചെയര്‍മാന്‍ സി കെ ചന്ദ്രപ്പന്‍ പറയുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ പ്രൊജക്ട് റിപ്പോര്‍ട്ട് ഒബ്റോയി ഗ്രൂപ്പ് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
വിനോദ സഞ്ചാരത്തിന്റെ പേരില്‍ ദ്വീപ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് വിവാദങ്ങള്‍ക്കു വഴി തെളിച്ചേക്കും. 1973 ല്‍ ദ്വീപിന്റെ ഉടമയായിരുന്ന എ എം ജെ ആന്ത്രപ്പേര്‍ ദ്വീപില്‍ ഒരു റിസോര്‍ട്ട് സ്ഥാപിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഈ പ്രദേശം വിനോദ സഞ്ചാരത്തിനുതകുകയില്ലെന്ന വിശദീകരണത്തോടെയാണ് സര്‍ക്കാര്‍ അന്ന് റിസോര്‍ട്ട് സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞത്. മാതൃഭൂമിയിലാണ് ഈ വാര്‍ത്ത വന്നത്.












Click it and Unblock the Notifications