പ്രതിരോധച്ചെലവില്‍ 13.8 ശതമാനം വര്‍ദ്ധന
ദില്ലി: ധനമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച 2001-02 വര്‍ഷത്തേക്കുള്ള ബജറ്റില്‍ 62,000 കോടി രൂപ പ്രതിരോധച്ചെലവുകള്‍ക്കായി നീക്കിവെച്ചു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 13.8 ശതമാനം കൂടുതലാണ് ഇത് . 54,461 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം നീക്കിവച്ചിരുന്നത്.
കാര്‍ഗില്‍ യുദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രതിരോധച്ചെലവ് അതിനു മുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ 28.2 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.
കര-നാവിക-വ്യോമ സേനകള്‍ക്ക് ആയുധങ്ങളും മറ്റു സാമഗ്രികളും വാങ്ങാനാണ് ഇതില്‍ കൂടുതല്‍ തുകയും വിനിയോഗിക്കുക. ഇതില്‍ തന്നെ അത്യാധുനിക യുദ്ധവിമാനങ്ങളും എയറോ-എഞ്ചിനുകളും ഉള്‍പ്പെടും. ഇന്ത്യയും റഷ്യയും സുഖോയി യുദ്ധവിമാനങ്ങള്‍ക്കായി കരാറുണ്ടാക്കിയ സാഹചര്യത്തില്‍ വ്യോമസേനക്ക് ഇപ്രാവശ്യം കൂടുതല്‍ തുക ലഭിക്കും.
കരസേനക്കാണ് ഫണ്ടിന്റെ കൂടുതല്‍ ഭാഗവും ലഭിക്കുന്നത് - 31,102.66 കോടി രൂപ. വ്യോമസേനക്ക് 7,713.55 കോടിയും നാവികസേനക്ക് 4,257.92 കോടി രൂപയും ലഭിക്കും.
വെടിക്കോപ്പുകളും മറ്റും നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്കുള്ള തുകയിലും കാര്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 262 കോടി രൂപയില്‍ നിന്നും 1,032 കോടി രൂപയായാണ് ഈ ഫാക്ടറികള്‍ക്കുള്ള തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
മൂന്നു സേനകളിലെയും ജീവനക്കാര്‍ക്കുള്ള പെന്‍ഷനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി സര്‍ക്കാരിന് 10,769.60 കോടി രൂപ ചെലവ് വരും. വിവിധ അവാര്‍ഡുകള്‍ക്കുള്ള തുകയായ 5.05 കോടി രൂപയും ഇതില്‍ പെടും. ബജറ്റില്‍ പുതിയ വീടുനിര്‍മ്മാണ പദ്ധതിളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 24.3 കോടി രൂപ വിനിയോഗിക്കും.












Click it and Unblock the Notifications