ആന്റണിക്ക് കരുണാകരന്റെ ഭീഷണി
ദില്ലി: വിഷമസന്ധിയില്‍ തന്നോടൊപ്പം നിന്നവരെ വേദനിപ്പിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ എം.പി. മുന്നറിയിപ്പു നല്‍കി.
കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രശ്നങ്ങളെക്കുറിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദുമായി ഫിബ്രവരി 27 ചൊവാഴ്ച ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിക്കെതിരെ കെ. കരുണാകരന്‍ നടത്തുന്ന ആദ്യത്തെ ആക്രമണമായാണ് നിരീക്ഷകര്‍ ഇതിനെ വീക്ഷിക്കുന്നത്. അടുത്തിടെ നടന്ന മോചനയാത്രയില്‍ അവഗണിക്കപ്പെടുകയും സോണിയാഗാന്ധിയുടെ മുന്നില്‍ സംഘടനാപ്രശ്നം അവതരിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതോടെ ഐ ഗ്രൂപ്പിന് ക്ഷയം സംഭവിച്ചു എന്ന് പരക്കെ ശ്രുതിയുണ്ട്.
കേരളത്തില്‍ സംഘടന തകര്‍ന്നു കഴിഞ്ഞുവെന്ന് പലതവണ കേന്ദ്രനേതൃത്വത്തെ താന്‍ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ ദുഃഖിതനാണെന്ന് വ്യക്തമാക്കിയ കരുണാകരന്‍ ഇനി ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കി.
ആര് വിചാരിച്ചാലും കേരള രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഒഴിവാക്കാനാവില്ലെന്നും കേരളത്തിലെ ജനങ്ങള്‍ തന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും കരുണാകരന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കിലും ഇന്നത്തെ അവസ്ഥയില്‍ യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കരുണാകരന്റെ ഈ പ്രഖ്യാപനം സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉരുണ്ടു കൂടുന്ന വിഷമസ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ തവണത്തെ പോലെ 50 ശതമാനം സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്നു വരെ കെപിസിസി വൈസ് പ്രസിഡണ്ട് കെ. മുരളീധരന്‍ സൂചിപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ തവണ കേന്ദ്രനേതൃത്വം അവസാനനിമിഷം അടിച്ചേല്‍പിച്ച് എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോറ്റ കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുരളീധരന്‍ ഇക്കാര്യം ഭംഗ്യന്തരേണ സൂചിപ്പിച്ചത്.
യുഡിഫിലെ സീറ്റ് വിഭജനം കീറാമുട്ടിയാകും എന്ന് കരുണാകരന്‍ സമ്മതിച്ചു. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച മുതല്‍ ലീഗുമായുള്ള സീറ്റ് ചര്‍ച്ച തുടങ്ങുന്നുണ്ടെങ്കിലും ഇക്കാര്യം ആരും തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications