വാഹനങ്ങളില്‍ വെളിച്ചെണ്ണ: പഠനം നടത്തും
തിരുവനന്തപുരം: വെളിച്ചെണ്ണ ലൂബ്രിക്കന്റ് ഓയില്‍ ആയി ഉപയോഗിക്കാമെന്ന കോഴിക്കോട്ടെ ചില ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുടെ അവകാശവാദത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തും. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച കൃഷി മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ നിയമസഭയില്‍ അറിയിച്ചതാണിത്.
ഇക്കാര്യത്തില്‍ വിദഗ്ദ ഗവേഷണം നടത്താന്‍ തിരുവനന്തപുരത്തെ റീജണല്‍ റിസര്‍ച്ച് ലബോറട്ടറിക്കും തവനൂരിലെ കേളപ്പജി അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് കോളേജിനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഈ ഏജന്‍സികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.
വെളിച്ചെണ്ണയും പെട്രോളുമായി കൂട്ടിക്കലര്‍ത്തിയാല്‍ ഓട്ടോറിക്ഷാ എഞ്ചിന്റെ പ്രവര്‍ത്തന ക്ഷമത കൂടുമെന്നാണ് കോഴിക്കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അവകാശപ്പെടുന്നത്.
തേങ്ങയുടെ ഇറക്കുമതിച്ചുങ്കം 70 ശതമാനമായി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനം സംസ്ഥാനത്തിന് വലിയ ഗുണമൊന്നും ചെയ്യില്ലെന്ന് മന്ത്രി കണിയാംപറമ്പില്‍ പറഞ്ഞു. തേങ്ങയ്ക്ക് 100 ശതമാനവും വെളിച്ചെണ്ണയ്ക്ക് 300 ശതമാനവും ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ നാളികേര വ്യവസായ വികസനം ലക്ഷ്യമാക്കി കേന്ദ്രത്തിന് മുന്നില്‍ പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുമെന്നും ഇളനീര്‍ വിപണനത്തിന് കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും കേരഫെഡുമായി സഹകരിച്ച് സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications