താലിബാന്‍ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നു
കാബൂള്‍: മധ്യ അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ പുരാതന ബുദ്ധപ്രതിമകള്‍ താലിബാന്‍ തീവ്രവാദികള്‍ തകര്‍ത്തു.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും ഏകദേശം 130 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി കിടക്കുന്ന പര്‍വതപ്രദേശമായ ബമിയാനിലുള്ള ബുദ്ധപ്രതിമകളാണ് തകര്‍ത്തത്. പ്രതിമകളുടെ ശിരസ്സുകളും കൈകാലുകളും തകര്‍ത്തു കഴിഞ്ഞതായി താലിബാന്‍ വാര്‍ത്താവിതരണ മന്ത്രി ക്വാദ്രത്തുള്ള ജമാല്‍ മാര്‍ച്ച് മൂന്ന് ശനിയാഴ്ച അഭിപ്രായപ്പെട്ടു. ഈ ബുദ്ധപ്രതിമകളുടെ അവശേഷിക്കുന്ന ഭാഗം കൂടി തകര്‍ക്കാനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താലിബാന്‍ പട്ടാളക്കാര്‍.
ബമിയാനിലെ പര്‍വതത്തിനോട് ചേര്‍ന്നുനില്ക്കുന്ന യഥാക്രമം 52.5 മീറ്ററും 36 മീറ്ററും ഉയരമുള്ള രണ്ടു ബുദ്ധപ്രതിമകളെ പര്‍വതത്തില്‍ നിന്നും വേര്‍പ്പെടുത്തിക്കഴിഞ്ഞെന്നും ജമാല്‍ പറഞ്ഞു. ലോകത്തില്‍വച്ച് ഏറ്റവും ഉയരം കൂടിയ നിവര്‍ന്നു നില്ക്കുന്ന ബുദ്ധപ്രതിമയാണ് തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന 52.5 മീറ്റര്‍ ഉയരമുള്ള ഈ പ്രതിമ.
വീര്യം കൂടിയ സ്ഫോടകവസ്തുക്കളാണ് താലിബാന്‍ തീവ്രവാദികള്‍ പ്രതിമകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്.
മൂന്നും അഞ്ചും നൂറ്റാണ്ടുകളില്‍ കൊത്തിയുണ്ടാക്കപ്പെട്ടവയാണ് ഈ പ്രതിമകള്‍. അഫ്ഗാനിസ്ഥാനിലെ ഇസ്ലാം ഭരണത്തിനു മുന്‍പുള്ള ഒരു സംസ്കാരത്തിന്റെ അവശേഷിക്കുന്ന ഓര്‍മ്മകളാണ് ഈ പ്രതിമകള്‍. അഫ്ഗാനിസ്ഥാനില്‍ നേരത്തെയുണ്ടായ ആഭ്യന്തര കലാപത്തില്‍ ഈ പ്രതിമകള്‍ക്ക് പീരങ്കിയുണ്ടകളേറ്റ് കേടുപറ്റിയിരുന്നു. ഇസ്ലാമിനെതിരായി നിലകൊള്ളുന്ന ബുദ്ധപ്രതിമകളെല്ലാം തകര്‍ക്കണമെന്ന താലിബാന്‍ സുപ്രീം കമാന്‍ഡര്‍ മുല്ലാ മൊഹമ്മദ് ഒമറിന്റെ ഉത്തരവു പ്രകാരമാണ് ഈ പ്രതിമകള്‍ തകര്‍ക്കുന്നതെന്ന് ജമാല്‍ പറഞ്ഞു.












Click it and Unblock the Notifications