നാദാപുരത്ത് ബലാത്സംഗം നടന്നു
കോഴിക്കോട്: നാദാപുരത്ത് ഈയിടെയുണ്ടായ ലഹളയ്ക്കിടയില്‍ യുവതിയും മകളും ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍.
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായ റോസമ്മ പുന്നൂസ്, അഡ്വ. നൂര്‍ബീന റഷീദ്, എം. കമലം എന്നിവര്‍ മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച ബലാത്സംഗത്തിനിരയായി എന്ന് പരാതിപ്പെട്ട സ്ത്രീയെയും കുട്ടിയെയും അയല്‍ക്കാരെയും കണ്ട് തെളിവെടുത്തിരുന്നു. ഇതില്‍ നിന്നും ബലാത്സംഗം നടന്നതായി കമ്മീഷന് ബോധ്യം വന്നിട്ടുണ്ടെന്ന് മാര്‍ച്ച് മൂന്ന് ശനിയാഴ്ച അംഗങ്ങള്‍ അറിയിച്ചു.
യുവതി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത പൊലീസിനെ കമ്മീഷന്‍ വിമര്‍ശിച്ചു. നിയമപരമായ വൈദ്യപരിശോധന നടത്താന്‍ പോലും പൊലീസ് വേണ്ടത് ചെയ്തില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. നാദാപുരം പ്രദേശത്ത് നടന്ന അക്രമങ്ങള്‍ക്കിടയില്‍ യുവതിയുടെ വീട്ടിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയ ശേഷമാണ് ബലാത്സംഗം നടത്തിയത്.
മകളെ വെറുതെ വിടാന്‍ കരഞ്ഞപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ലെന്ന് യുവതി പറഞ്ഞു. മുറവിളി കൂട്ടിയിട്ടും അയല്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. ജീവനില്‍ കൊതിയുള്ളതു കൊണ്ടാണ് എതിര്‍ക്കാതിരുന്നതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വിളിപ്പാടകലെയുണ്ടായിരുന്ന പൊലീസ് സംഭവം അറിഞ്ഞില്ലെന്നാണ് പറയുന്നത്.
അക്രമി സംഘം വീട്ടിലുണ്ടായിരുന്ന 25, 000 രൂപയും ഇരുപത്തെട്ടര പവന്റെ ആഭരണങ്ങളും കവര്‍ന്നതായും യുവതി പറഞ്ഞു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ കമ്മീഷന്‍ ഫുള്‍ ബഞ്ച് യോഗം ചേര്‍ന്നാലുടന്‍ തീരുമാനിക്കുമെന്ന് അംഗങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications