നാളികേര ടെക്നോളജി മിഷനെപ്പറ്റി ദുരൂഹത
തിരുവനന്തപുരം: തേങ്ങയുടെ വിലയിടിവ് തടയാനും തെങ്ങ്കൃഷിയെ സംരക്ഷിക്കാനും വേണ്ടി കേന്ദ്രം നടപ്പാക്കാനുദ്ദേശിക്കുന്ന നാളികേര ടെക്നോളജി മിഷന്‍ എന്ന പദ്ധതി യെപ്പറ്റി ദുരൂഹത. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുമോ എന്നത് സംബന്ധിച്ച് കര്‍ഷകരിലും കാര്‍ഷികവിദഗ്ധരിലും സംശയം നിലനില്ക്കുന്നു.
നേരത്തെ കേരളം ഇത് സംബന്ധിച്ച് നല്കിയ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന കാരണം പറഞ്ഞ് കേന്ദ്രം തള്ളിയിരുന്നു. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണറേറ്റാണ് കേരളത്തിന്റെ നിര്‍ദേശങ്ങള്‍ തളളിയത്. മണ്ഡരി രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിനീക്കാനും പുതിയ തൈകള്‍ വച്ചു പിടിപ്പിക്കാനും കര്‍ഷകര്‍ക്ക് സൗജന്യ സാമ്പത്തിക സഹായം നല്കുക, തെങ്ങ് കൃഷിയിടങ്ങളില്‍ ഇടവിളകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കേരളത്തിന്റെ നിര്‍ദേശങ്ങളാണ് കേന്ദ്ര കൃഷിമന്ത്രാലയം തള്ളിയത്.
വാസ്തവത്തില്‍ കേരളത്തിലെ തെങ്ങ്കൃഷിയെ രക്ഷിക്കാനുള്ള പ്രധാന നിര്‍ദേശങ്ങളാണ് കേന്ദ്ര കൃഷിമന്ത്രാലയം തള്ളിയതെന്നതാണ് രസകരമായ വസ്തുത. പദ്ധതി നടപ്പിലാക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ കേന്ദ്രം തൊടുന്യായങ്ങള്‍ പറഞ്ഞ് സമയം കളയുകയാണെന്നാണ് വിദഗ്ധര്‍ വിമര്‍ശിക്കുന്നു. എന്തായാലും നാളികേര ടെക്നോളജി മിഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഭേദഗതികളോടെ കേരളം വീണ്ടും കേന്ദ്രത്തിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ്. കേരളത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ 900 കോടിയോളം ചെലവ് വരും.
അതേ സമയം കേരളത്തിന്റെ ചില നിര്‍ദേശങ്ങള്‍ മാത്രമേ കേന്ദ്രകൃഷിവകുപ്പ് തള്ളിക്കളഞ്ഞിട്ടുള്ളൂവെന്നും കേരളത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും സംസ്ഥാന കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ പറഞ്ഞു.കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനാവാത്തതിനാല്‍ അത് കേന്ദ്രം തള്ളിക്കളയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
നാളികേര ടെക്നോളജി മിഷന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി നിതീഷ്കുമാറും അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായമാരാഞ്ഞശേഷമായിരിക്കും പദ്ധതിക്ക് അന്തിമ രൂപം നല്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നാളികേര ടെക്നോളജി മിഷന് അടുത്ത വര്‍ഷത്തോടെ കേന്ദ്രം അന്തിമരൂപം നല്‍കുമെന്നാണ് കരുതുന്നത്. പത്താം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും ഇത് നടപ്പിലാക്കുക എന്നും പറയുന്നു.












Click it and Unblock the Notifications