പാനൂരില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
പാനൂര്‍: വള്ള്യായി മാക്കം കാവിനടുത്തുണ്ടായ സിപിഎം-ബിജെപി സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
പത്തായക്കുന്ന് കൊങ്കച്ചിയിലെ പുത്തന്‍വീട്ടില്‍ രാജേഷ് (23) ആണ് മരിച്ചത്. ബോംബ് പൊട്ടിയാണ് രാജേഷ് മരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് രാജേഷിനെ കൊല്ലുകയായിരുന്നു എന്നാണ് ബിജെപിക്കാര്‍ പറയുന്നത്. എന്നാല്‍ ബോംബ് നിര്‍മ്മാണത്തിനിടയിലാണ് രാജേഷ് മരിച്ചതെന്ന് സിപിഎമ്മുകാരും പറയുന്നു.
മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ മരണമടഞ്ഞ രാജേഷിന്റെ നെഞ്ചിന്റെ വലത് ഭാഗത്ത് ആഴത്തില്‍ മുറിവുണ്ട്. വലതുകൈയിലും സാരമായ പരിക്കുണ്ടായിരുന്നു.
ബിജെപി പ്രവര്‍ത്തകരായ പാത്തിപ്പാലത്തെ കാരായിന്റവിട കുഞ്ഞിരാമന്റെ മകന്‍ മനോജ് (23), കുഞ്ഞിപ്പുനത്തില്‍ സുരേഷ് എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാര്‍ച്ച് നാല് ഞായറാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. ചില ബിജെപി പ്രവര്‍ത്തകര്‍ ഓട്ടോയില്‍ പോവുകയായിരുന്ന സിപിഎമ്മുകാരെ തടഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന് കരുതപ്പെടുന്നു. തുടര്‍ന്ന് മാക്കം കാവ് കള്ള് ഷാപ്പില്‍ വച്ച് ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു.
ബോംബേറിലും കല്ലേറിലും എഎസ്ഐ വിജയനും ധനേഷ്കുമാര്‍ എന്ന കോണ്‍സ്റബിളിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications