ഷീബയെ വിദേശത്തേക്ക് കടത്തിയെന്ന്
ചാവക്കാട്: തൃശൂര്‍ പുതുക്കാട് നിന്നും രണ്ടരവര്‍ഷം മുമ്പ് കാണാതായ ഷീബയെ(19) ഒരു സംഘം വിദേശത്തേക്ക് കടത്തിയെന്ന് സംശയം. ഷീബയുടെ തിരോധാനം സംബന്ധിച്ച് അന്വേഷിക്കുന്ന ചാവക്കാട് സിഐ വി.വി. ശശികുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.
തിരോധാനവുമായി ബന്ധമുള്ള ഒരു സംഘം ഷീബയെ വിദേശത്തേക്ക് കടത്തിയെന്നാണ് സൂചന. ഷീബയുടെ നാട്ടുകാരായ ചില യുവാക്കള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഷീബയുടെ അച്ഛന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതനുസരിച്ച് ഹൈക്കോടതി കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതു വരെ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പുതുക്കാടുള്ള ഏതാനും ചെറുപ്പക്കാരെ വിശദമായി ചോദ്യം ചെയ്താല്‍ ഷീബയുടെ തിരോധാനത്തിന് പിന്നിലെ കഥ പുറത്തുവരുമെന്ന് പൊലീസ് കരുതുന്നു. 1998 സപ്തംബര്‍ 28 നാണ് ഷീബയെ കാണാതായത്.
പുതുക്കാട്ടെ ഒരു ജ്വല്ലറിയില്‍ ജീവനക്കാരിയായിരുന്ന ഷീബ ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടയില്‍ അപ്രത്യക്ഷയാവുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയ്ക്കിടയിലുള്ള എസ്റേറ്റില്‍ വച്ചാണ് ഷീബയെ കാണാതായതെന്ന് പറയുന്നു. പുതുക്കാട് പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. പിന്നീട് കോടതി നിര്‍ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്.












Click it and Unblock the Notifications