സ്വകാര്യ എഞ്ചി. കോളേജുകള്‍ക്ക് എല്‍ഡിഎഫ് അനുമതി
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ മേഖലയില്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. പശ്ചിമബംഗാളില്‍ ഇടതുമുന്നണി ഈ നയം കൈക്കൊണ്ടതിനെത്തുടര്‍ന്നാണ് കേരളത്തിലും അത് പിന്തുടരാന്‍ തീരുമാനിച്ചത്.
മാര്‍ച്ച് ഏഴ് ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. സ്വകാര്യ മേഖലയില്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കണമെന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ജോസഫ്) ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.
ആദ്യം മുതലേ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്ത സിപിഎം സഹകരണ മേഖലയില്‍ മാത്രം എഞ്ചിനിയീറിംഗ് കോളേജുകള്‍ തുടങ്ങുന്നതിനെയാണ് അനുകൂലിച്ചിരുന്നത്. കേരള കോണ്‍ഗ്രസ്സില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം സംസ്ഥാനത്തു നിന്ന് ഒരു പ്രതിനിധി സംഘം പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാണ് സ്വകാര്യ മേഖലയില്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കാന്‍ ഇടതുമുന്നണി സമ്മതം മൂളിയത്.
എന്നാല്‍ ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ മുന്നോട്ടുവരുന്നവര്‍ക്കെല്ലാം സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇത്തരത്തിലുള്ള കോളേജുകള്‍ വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്നതായും വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. സര്‍ക്കാരിന് ഇത്തരം കോളേജുകളിന്മേല്‍ കാര്യമായ നിയന്ത്രണവുമില്ല - അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.
പക്ഷെ വാണിജ്യവല്‍ക്കരണത്തെ അനുകൂലിക്കാത്ത സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് ഒരവസരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പഠനത്തിന് അനുകൂലമായ സാഹചര്യമുണ്ടാവുകയാണ് പ്രധാനം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications