എല്‍ഡിഎഫ് ഐഎന്‍എല്ലിന് സീറ്റ് നല്‍കും?
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇന്ത്യന്‍ നാഷണല്‍ ലീഗിന് സീറ്റ് നീക്കിവച്ചേക്കും.
സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി സംസ്ഥാന സമിതി മാര്‍ച്ച് ഏഴ് ബുധനാഴ്ച യോഗം ചേരുകയാണ്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഐഎന്‍എല്ലിന് സീറ്റ് നീക്കിവയ്ക്കണമെന്ന് മുന്നണിയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
ലീഗിന്റെ രഹസ്യപിന്തുണ ഏറെക്കുറെ കിട്ടാക്കനിയായ സാഹചര്യത്തില്‍ ഐഎന്‍എല്ലുമായുള്ള ധാരണം വടക്കന്‍ ജില്ലകളിലെങ്കിലും ഗുണം ചെയ്യുമെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാണിച്ചതായി അറിയുന്നു.
എന്‍സിപി, ജനതാദള്‍, ആര്‍എസ്പി എന്നീ ഘടകകക്ഷികളുടെ ചില സീറ്റുകള്‍ നല്‍കേണ്ടി വരുമെന്ന് ഈ കക്ഷികളുടെ നേതാക്കളെ സിപിഎം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു കടുംപിടുത്തത്തിന് സിപിഎം തയാറാകില്ല.
സ്വകാര്യ മേഖലയില്‍ എഞ്ചിനിയറിംഗ് കോളേജുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് പശ്ചിമബംഗാളില്‍ പോയി പഠനം നടത്തി വന്ന ആറംഗ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.
ഇടതുമുന്നണിയുടെ പ്രകടന പത്രികയ്ക്ക് രൂപം നല്‍കാനായി നിയോഗിച്ചിട്ടുള്ള സമിതിയുടെ നിര്‍ദേശങ്ങളും യോഗത്തില്‍ പരിഗണിക്കുന്നുണ്ട്. സ്വകാര്യമേഖലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് എല്‍ഡിഎഫിന്റെ തീരുമാനം പ്രകടനപത്രികയില്‍ ചേര്‍ക്കണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ മുന്നണിയിലുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഒന്നും മിണ്ടാതിരുന്നാല്‍ മുന്നണിക്ക് തീരുമാനമെടുക്കാനുള്ള സമയം ലഭിക്കുമെന്ന അഭിപ്രായവും പൊന്തിവന്നിട്ടുണ്ട്.
സ്വകാര്യമേഖലയില്‍ എഞ്ചിനിയറിംഗ് കോളേജുകള്‍ തുടങ്ങുന്നതിനായി സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇനി സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെങ്കിലും കോടതി ഉത്തരവ് വഴി മാനേജ്മെന്റുകള്‍ക്ക് കോളേജ് തുടങ്ങാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications