കണ്ണൂര്‍: നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്
തിരുവനന്തപുരം: കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ കേരള സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നുവെന്നാരോപിച്ച് മാര്‍ച്ച് ഏഴ് ബുധനാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
രണ്ടു ദിവസം മുമ്പ് കണ്ണൂരില്‍ സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ നടന്ന സംഘട്ടനങ്ങളെക്കുറിച്ച് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് വാക്കൗട്ട്. കോണ്‍ഗ്രസിലെ കെ.സി. ജോസഫ് കൊണ്ടുവന്ന പ്രമേയം കണ്ണൂരില്‍ പൊലീസ് നോക്കുകുത്തികളായിരിക്കുകയാണെന്ന് ആരോപിച്ചു.
എന്നാല്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പക്ഷം ചേര്‍ന്നാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി നായനാര്‍ പ്രസ്താവനയിറക്കിയത് പ്രതിപക്ഷ നിരയെ ചൊടിപ്പിച്ചു.
ബിജെപിയും ആര്‍എസ്എസുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന തെറ്റിദ്ധാരണ പരത്തുകയാണ് മുഖ്യമന്ത്രി ഉദ്ദേശ്യമെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെ മതേതരസ്വഭാവത്തിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നായനാരെപ്പോലുള്ള വ്യക്തി ഇത്തരം പ്രസ്താവനകള്‍ ഇറക്കാന്‍ പാടുള്ളതല്ല. പ്രമേയത്തിന് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് - ആന്റണി പറഞ്ഞു.
കണ്ണൂരില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചകള്‍ മറച്ചുവെക്കാന്‍ പ്രതിപക്ഷത്തിനെതിരെയ രാഷ്ട്രീയാരോപണങ്ങള്‍ ഉയര്‍ത്തിവിടുകയാണ് മുഖ്യമന്ത്രി. കണ്ണൂര്‍ ഒരു പ്രശ്നബാധിത പ്രദേശമാണെന്നും അവിടെ അര്‍ദ്ധസൈനികവിഭാഗത്തിന്റെ സേവനം ആവശ്യമായേക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്‍ തന്നെ പറഞ്ഞതാണ് - ആന്റണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications