സവിശേഷതകള്‍ ബാക്കിയാക്കിയ നിയമസഭ
തിരുവനന്തപുരം: ഏറെ സവിശേഷതകളുള്ള പത്താം നിയമസഭയുടെ അവസാനത്തെ സമ്മേളനം മാര്‍ച്ച് എട്ട് വ്യാഴാഴ്ച വൈകീട്ടോടെ അവസാനിച്ചു.
സംഭവബഹുലമായ രാഷ്ട്രീയ പ്രകടനങ്ങള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കും എല്ലാം സാക്ഷ്യം വഹിച്ചെങ്കിലും ഈ നിയമസഭ അറിയപ്പെടുക മറ്റൊരു സവിശേഷതയാലായിരിക്കും. കേരളത്തില്‍ ആദ്യമായി സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭ.
91ല്‍ നായനാര്‍ സര്‍ക്കാര്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഉത്തരവിടുമ്പോള്‍ മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍. ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിലെത്തിയതോടെ കേരളത്തില്‍ ഒരിക്കലും തങ്ങളുടെ സര്‍ക്കാരിന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പഴിയും ഇടതുമുന്നണിക്ക് കേള്‍ക്കേണ്ടിവന്നു.
96ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെ തന്നെ എല്‍ഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ വി.എസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതായിരുന്നു ഇതിന് ഒരു കാരണം. നായനാര്‍ അഞ്ചു വര്‍ഷം കൂടി മുഖ്യമന്ത്രി സ്ഥാനത്തിരുന്നതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന ബഹുമതിയും കരസ്ഥമാക്കി.
നായനാരോടൊപ്പം തന്നെ സ്പീക്കര്‍ എം.വിജയകുമാറിനും ഈ നിയമസഭ ഒരു ബഹുമതി നല്‍കുന്നു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്പീക്കറുടെ കസേരയിലിരിക്കുന്ന ആള്‍ എന്ന ബഹുമതി.
രണ്ടു സഹസ്രാബ്ദങ്ങളിലായാണ് പത്താം നിയമസഭയുടെ കാലാവധി പൂര്‍ത്തിയായത്. ഈ ബഹുമതി മറ്റൊരു സഭ കരസ്ഥമാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കഴിയണം. രണ്ടു നിയമസഭാ മന്ദിരങ്ങളിലായി കാലാവധി പൂര്‍ത്തിയാക്കിയ നിയമസഭയും ഇതു തന്നെ.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും അഭിസംബോധന ചെയ്തതോടെ ഈ നിയമസഭയുടെ വൈശിഷ്ട്യം ഏറി. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ നിയമസഭയാണ് കേരളത്തിലേത്.
1996 മെയിലാണ് സഭയുടെ ആദ്യസമ്മേളനം നടന്നത്. അഞ്ചു വര്‍ഷങ്ങളിലായി 16 സമ്മേളനങ്ങള്‍ നടത്തിയ സഭ ആകെ 268 ദിവസങ്ങളില്‍ സമ്മേളിച്ചു. 2001-02 ധനകാര്യവര്‍ഷത്തെ വോട്ട് ഓണ്‍ അക്കൗണ്ടും ധനവിനിയോഗ ബില്ലും ഉള്‍പ്പെടെ 102 ബില്ലുകള്‍ പാസ്സാക്കി.
സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സിപിഐയിലെ പി.കെ. ശ്രീനിവാസന്‍ സഭ രൂപീകൃതമാകുന്നതിനു മുമ്പെ മരിച്ചു. വി.കെ. രാജന്‍ മന്ത്രിയായിരിക്കെയും പി.ആര്‍. കുറുപ്പ് മന്ത്രി സ്ഥാനം രാജിവെച്ചതിനു ശേഷവും അന്തരിച്ചു. പി. രവീന്ദ്രന്‍, എം.കെ. കേശവന്‍ എന്നിവരും ഈ സഭയില്‍ അംഗങ്ങളായിരിക്കെയാണ് മരിച്ചത്.
നിയമസഭയിലേ ക്ക് ആറ് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. ആറിലും വിജയം ഭരണകക്ഷിക്കുതന്നെ. സിപിഎമ്മും ജനതാദളും എന്‍സിപിയും സിപിഐയും മന്ത്രിമാരെ മാറ്റിയപ്പോള്‍ കേരള കോണ്‍ഗ്രസ് (ജെ)യുടെ മന്ത്രിയായി പി.ജെ. ജോസഫ് തന്നെ അവസാനം വരെ തുടര്‍ന്നു.
എ.കെ. ആന്റണി നയിച്ച പ്രതിപക്ഷ നിര പൊതുവെ നിസ്സംഗ മനോഭാവമാണ് പുലര്‍ത്തിയത് എന്ന ആരോപണം സ്വന്തം കക്ഷികളില്‍ നിന്നു തന്നെ നേരിടേണ്ടിവന്നു. പല പ്രശ്നങ്ങളും വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷത്തിനാവശ്യമായില്ല എന്ന ആരോപണവുമുണ്ട്. എങ്കിലും പ്ലസ് ടു, മദ്യദുരന്തം, കണ്ണൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ സഭയെ പിടിച്ചുകുലുക്കി. സര്‍ക്കാരിനെതിരെ ഒരൊറ്റ അവിശ്വാസപ്രമേയം പോലും അവതരിപ്പിച്ചില്ല എന്നതും ഈ സഭയുടെ പ്രത്യേകതയാണ്.












Click it and Unblock the Notifications