പ്രതിമ സ്ഥാപിക്കുന്നത് ശില്‍പി അറിയാതെ
കൊച്ചി: ഡോ. അംബേദ്കറുടെ പ്രതിമ തലസ്ഥാന നഗരിയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നത് താനറിയാതെയാണെന്ന് പ്രതിമയുടെ ശില്‍പ്പി എം. ആര്‍. ഡി. ദത്തന്‍.
ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ദത്തന്‍ ആരോപിച്ചു. ദത്തനുമായി കൂടിയാലോചന നടത്താതെയാണ് തലസ്ഥാനത്ത് 24 ലക്ഷം രൂപ ചെലവിട്ട് സ്ഥലം വാങ്ങി പീഠം നിര്‍മ്മിച്ച് പ്രതിമ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. സാധാരണയായി പ്രതിമ സ്ഥാപിക്കുമ്പോള്‍ ശില്‍പിയുടെ അഭിപ്രായം ആരായാറുണ്ട്. പ്രതിമ എങ്ങനെ സ്ഥാപിക്കണമെന്നും അവിടെ എന്തെല്ലാം സൗകര്യങ്ങള്‍ വേണമെന്നും ശില്‍പ്പിയാണ് നിര്‍ദേശിക്കുക. എന്നാല്‍ ഇതേപ്പറ്റി തന്നോട് സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് ദത്തന്‍ വെളിപ്പെടുത്തി.
പ്രതിമ നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയോളം ദത്തന് ചെലവായെങ്കിലും നാല് ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. യുഡിഎഫ് ഭരണകാലത്താണ് പ്രതിമാ നിര്‍മ്മാണം ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് എസ്ബിടിക്ക് സമീപം സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അടുത്ത് മദ്യഷാപ്പുള്ളതിനാല്‍ പിന്നീട് തീരുമാനം മാറ്റി.
നിയമസഭാ കോംപ്ലക്സില്‍ പ്രതിമ സ്ഥാപിക്കണമെന്നായിരുന്നു പിന്നീടുയര്‍ന്ന നിര്‍ദേശം. എന്നാല്‍ അവിടെ സ്ഥാപിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കാണാനാവില്ലെന്ന കാരണത്താല്‍ അതും ഉപേക്ഷിക്കുകയും ഇതിനായി സ്ഥലം വാങ്ങുകയുമായിരുന്നു. നിയമസഭാ മന്ദിരത്തിന് മുന്നില്‍ സ്ഥാപിക്കുന്നതിനോട് ദത്തനും യോജിപ്പില്ല.












Click it and Unblock the Notifications