കണ്ണൂര്‍ പദ്ധതി ചെലവ് കുറഞ്ഞത്: നമ്പ്യാര്‍
തിരുവനന്തപുരം: കണ്ണൂര്‍ താപവൈദ്യുത പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി ചെലവ് കുറഞ്ഞതായിരിക്കുമെന്ന് കണ്ണൂര്‍ പവര്‍ പ്രൊജക്ട് ചെയര്‍മാന്‍കെ. പി. പി. നമ്പ്യാര്‍.
എന്‍ടിപിസിയുടെ കായംകുളം നിലയത്തില്‍ നിന്നുള്ള വൈദ്യുതിയെക്കാളും കുറഞ്ഞ നിരക്കില്‍ കണ്ണൂര്‍ പദ്ധതിയില്‍ നിന്നുമുള്ള വൈദ്യുതി നല്‍കാനാവുമെന്ന് നമ്പ്യാര്‍ വ്യക്തമാക്കി. പബ്ലിക്ക് റിലേഷന്‍സ് സൊസൈറ്റിയുടെ കേരള ഘടകം സംഘടിപ്പിച്ച സെമിനാറില്‍ മാര്‍ച്ച് 12 തിങ്കളാഴ്ച സംസാരിക്കവെയാണ് നമ്പ്യാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കായംകുളം പദ്ധതിയെക്കാളും ഓരോ മെഗാവാട്ടിനും 1.3 കോടി രൂപ കുറവാണ് കണ്ണൂര്‍ പദ്ധതിയുടെ ചെലവെന്നും നമ്പ്യാര്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ഒരു കമ്പനിയാക്കണമെന്നും അദ്ദേഹം സെമിനാറില്‍ അഭിപ്രായപ്പെട്ടു.
വൈദ്യുത രംഗത്തെ പരിഷ്ക്കാരങ്ങളില്‍ നിന്നും മാറി നിന്നാല്‍ കേരളം ബഹുദൂരം പിന്നോട്ട് പോകും. ഇത് തന്നെയാണ് വിവരസാങ്കേതിക വിദ്യയുടെ കാര്യത്തിലും കേരളത്തിന് സംഭവിച്ചതെന്ന് നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിദേശ മൂലധനവും സാങ്കേതിക വിദ്യയും കേരളം സ്വീകരിക്കണമെന്നും നമ്പ്യാര്‍ പറഞ്ഞു.