കൊച്ചി വിമാനത്താവളക്കമ്പനി ഭാരിച്ച കടത്തില്‍
തിരുവനന്തപുരം: മാര്‍ച്ച് 25ന് രണ്ട് വയസ് തികക്കുന്ന കൊച്ചി അന്തര്‍ദേശീയ വിമാനത്താവള കമ്പനി ഇപ്പോഴും ഭാരിച്ച കടത്തില്‍ തന്നെ. 210 കോടിയുടെ കടത്തില്‍ കഴിയുന്ന കമ്പനി ഇതിന്റെ പലിശയായി വര്‍ഷത്തില്‍ നല്‍കേണ്ടത് 33 ലക്ഷമാണ്.
കടത്തെ അതിജീവിക്കാന്‍ അവകാശ ഓഹരിയിലൂടെ മൂലധനാടിത്തറ 90കോടിയില്‍ നിന്ന് 200 കോടിയായി ഉയര്‍ത്താന്‍ കഴിഞ്ഞ ആഗസ്തില്‍ തീരുമാനിച്ചിരുന്നു.
കമ്പനിയില്‍ 51 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഇതിനായി പണം നല്‍കാന്‍ തയ്യാറാകേണ്ടതാണെന്ന് ഒരു കമ്പനി വക്താവ് ചൂണ്ടിക്കാട്ടി. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന സര്‍ക്കാരിന് ഇപ്പോഴത്തെ നിലയില്‍ അത് സാധ്യമല്ല.
സംസ്ഥാന സര്‍ക്കാര്‍ അത് ഓഹരിവിഹിതം കുറച്ച് മറ്റ് ഓഹരിയുടമകളുടെ വിഹിതം കൂട്ടാന്‍ അനുവദിക്കുകയാണ് മറ്റൊരു മാര്‍ഗം. എന്നാല്‍ സര്‍ക്കാര്‍ 51 ശതമാനം ഓഹരിവിഹിതം കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാനുള്ള സാധ്യതയില്ല.
32 കോടിയുടെ ഓഹരിയാണ് സംസ്ഥാന സര്‍ക്കാരിന്റെ കൈയിലുള്ളത്. 24 കോടിയുടെ ഓഹരി വിദേശഇന്ത്യക്കാരുടേതായുണ്ട്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന് അഞ്ച് കോടിയുടെയും വിവിധ ബാങ്കുകള്‍ക്ക് ഏഴ് കോടിയുടെയും ഓഹരിയാണുള്ളത്.
അവകാശ ഓഹരി നല്‍കുന്നതിലൂടെ 100 കോടിയുടെ കടം തീര്‍ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. ഇതോടെ വാര്‍ഷിക പലിശ 13 കോടിയായി കുറയുകയും ചെയ്യും.
വിദേശ ഇന്ത്യക്കാര്‍ക്കുള്ള ഓഹരി വിഹിതം കൂട്ടാന്‍ തടസമൊന്നുമില്ലെന്നും എയര്‍ ഇന്ത്യയും ബിപിസിഎല്ലും പോലുള്ള മറ്റുള്ള ഓഹരിയുടമകളില്‍ നിന്ന് ലഭ്യമാവുന്ന ഓഹരി ഉള്‍പ്പെടുത്തുന്നതിലൂടെ വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ക്വാട്ടാ വര്‍ധിപ്പിക്കാനാവുമെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ സി.ബാബു രാജീവ് പറഞ്ഞു.
കടത്തിലാണെങ്കിലും കമ്പനി വളര്‍ച്ചയുടെ പാതയിലാണെന്ന് രാജീവ് പറഞ്ഞു. 70 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നിടത്ത് ഇപ്പോള്‍ 108 വിമാനങ്ങളാണുള്ളത്. അടുത്ത മാസങ്ങളില്‍ വിമാനങ്ങളുടെ എണ്ണം ഇനിയും കൂടും. ഇപ്പോള്‍ 1.7 കോടിയുടെ വരവാണ് കമ്പനിക്ക് മാസത്തിലുള്ളത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ വരവ് വര്‍ധിക്കും.
മാര്‍ച്ച് അന്ത്യത്തില്‍ കമ്പനിയുടെ ബോര്‍ഡ് യോഗം നടക്കുമെന്നാണ് കരുതുന്നത്. യോഗത്തില്‍ ഈ പ്രശ്നങ്ങള്‍ ചര്‍ച്ചക്ക് വരും.












Click it and Unblock the Notifications