അന്വേഷണത്തിന് തയ്യാര്‍ : പ്രധാനമന്ത്രി
ദില്ലി: ആയുധ ഇടപാടിലെ അഴിമതി സംബന്ധിച്ച് ഏത് അന്വേഷണത്തേയും നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി. കോഴയിടപാടു സംബന്ധിച്ച വാര്‍ത്ത പുറത്തായതിനു ശേഷം ആദ്യമായി പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രശ്നം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്നും അന്വേഷണം നടത്തണമോയെന്ന കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കട്ടെയെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
മാര്‍ച്ച് 14 ബുധനാഴ്ച ക്യാബിനറ്റ് അംഗങ്ങളുമായി അഴിമതി ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനി, പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രമോദ് മഹാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഇടപാടുകള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തികച്ചും രാഷ്ട്രീയപരമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സര്‍ക്കാര്‍ രാജി വയ്ക്കണമെങ്കില്‍ ആദ്യം കേസ് കൊണ്ടു വരട്ടെ. പ്രശ്നം ആദ്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. എവിടെയോ എന്തോ ചീഞ്ഞുനാറുന്നതായും വാജ്പേയി അഭിപ്രായപ്പെട്ടു.
അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി അദ്വാനിയും പറഞ്ഞു. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായം എന്തായാലും അത് മാനിക്കുമെന്നും അദ്വാനി വ്യക്തമാക്കി. സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ല.












Click it and Unblock the Notifications