ജയാ ജയ്റ്റ്ലി രാജി വച്ചു
ദില്ലി: ജയാ ജെയ്റ്റ്ലി സമതാപാര്‍ട്ടിപ്രസിഡന്റ് സ്ഥാനം രാജി വച്ചു.മാര്‍ച്ച് 15 വ്യാഴാഴ്ച വൈകുന്നേരമാണ് അവര്‍ രാജി വച്ചത്. തെഹല്‍കാ ഡോട്ട് കോം പുറത്താക്കിയ ആയുധ കോഴയിടപാടില്‍ ജയാ ജയ്റ്റ്ലി കോഴ കൈപ്പറ്റുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തായിരുന്നു.
പാര്‍ട്ടി വൈസ്പ്രസിഡന്റ് വി വി കൃഷ്ണറാവുവിനെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചുവെന്ന് ജയാ ജയ്റ്റ്ലി വെളിപ്പെടുത്തി. കോഴ ഇടപാടിന്റെ അപമാനത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാനാണ് തന്റെ രാജിയെന്ന് അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
തെഹല്‍കാ ഡോട്ട് കോം പുറത്താക്കിയ വീഡിയോ ടേപ്പുകള്‍ തനിക്കെതിരായ തെളിവുകളായി കരുതുന്നില്ലെന്ന് അവര്‍ പറഞ്ഞു. തെഹല്‍കായുമായി പണമിടപാട് ഒന്നും നടന്നിട്ടെന്നാണ് ജയാ ജയ്റ്റ്ലിയുടെ നിലപാട് . പാര്‍ട്ടിക്കുള്ള സംഭാവനയായി പണം വാങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്നും എന്നാല്‍ വെസ്റ്റ് എന്‍ഡ് ഇടപാടില്‍ പണം കൈമാറിയിട്ടില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് താന്‍ രാജി വയ്ക്കുന്നതെന്ന് പറഞ്ഞ ജയ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പറ്റി ഒരക്ഷരവും പറഞ്ഞില്ല. തെഹല്‍കാ ഇടപാട് ബ്ലാക്ക്മെയിലിങ്ങെന്നും പാര്‍ലമെന്റിനെ തടയാനും രാജ്യത്തെ തകര്‍ക്കാനുമുള്ള ഗൂഢപദ്ധതിയെന്നുമാണ് ജയാ ജയ്റ്റിലി വിശേഷിപ്പിച്ചത്.












Click it and Unblock the Notifications