യുഡിഎഫ് സീറ്റ് ചര്‍ച്ചയില്‍ പ്രതിസന്ധി
കൊച്ചി: എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും ഘടകക്ഷികളുടെ അവകാശവാദങ്ങളും യുഡിഎഫ് സീറ്റ് ചര്‍ച്ചയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഒമ്പത് സീറ്റുകളില്‍ ഏഴും തങ്ങള്‍ക്ക് വേണമെന്ന് ഐ ഗ്രൂപ്പ് പറയുന്നു. അങ്കമാലിയും മൂവാറ്റുപുഴയും തങ്ങള്‍ക്ക് കിട്ടണമെന്നാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ആവശ്യം.
എറണാകുളം, കോതമംഗലം, പെരുമ്പാവൂര്‍, കുന്നത്തുനാട്, പറവൂര്‍, വടക്കേക്കര, അങ്കമാലി മണ്ഡലങ്ങളാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. എ ഗ്രൂപ്പ് മത്സരിച്ച് ജയിച്ചിട്ടുള്ള ഞാറക്കലിലും ഐ ഗ്രൂപ്പിന് നോട്ടമുണ്ട്. കുന്നത്തുനാട്ടില്‍ സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്ന ടി.എച്ച്.മുസ്തഫ ഐ ഗ്രൂപ്പ് വിട്ട് ഇപ്പോള്‍ വയലാര്‍ രവിക്കൊപ്പമാണ്. മുസ്തഫയ്ക്ക് സീറ്റ് നല്‍കാതിരിക്കാനാണ് ഐ ഗ്രൂപ്പിന്റെ ശ്രമം.
മാണി ഗ്രൂപ്പ് അവകാശപ്പെട്ടിട്ടുള്ള അങ്കമാലിയില്‍ കഴിഞ്ഞ തവണ വിജയിച്ചത് കോണ്‍ഗ്രസിലെ പി.ജെ.ജോയിയാണ്. ഈ സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. അതേ സമയം പി.ജെ.ജോയിയെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ ഐ ഗ്രൂപ്പ് അനുകൂലവുമല്ല.
കേരള കോണ്‍ഗ്രസ് ജേക്കബ ഗ്രൂപ്പ് നേതാവ് ടി.എം.ജേക്കബ് വിജയിച്ച പിറവം സീറ്റിനു വേണ്ടിയും ഞാറക്കല്‍ മണ്ഡലത്തിനു വേണ്ടിയും ഐ വിഭാഗം ശ്രമം നടത്തുന്നുണ്ട്. കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെട്ട വടക്കേക്കരയിലും പറവൂരിലും സ്ഥാനാര്‍ഥിത്വത്തിനായി പലരും രംഗത്തുണ്ട്.
എറണാകുളത്ത് കെ.വി.തോമസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും മറ്റ് ചിലരും രംഗത്തുണ്ട്. തൃപ്പൂണിത്തുറയില്‍ എ ഗ്രൂപ്പിലെ കെ.ബാബു പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞെങ്കിലും ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി എ.ചന്ദ്രശേഖരന്‍ ഒരു കൈ നോക്കാനുള്ള ഭാവത്തിലാണ്. ആലുവയില്‍ വിജയം കുത്തകയാക്കിയ കെ.മുഹമ്മദാലിയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം എ ഗ്രൂപ്പില്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications