കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണപിള്ള സെന്‍ട്രല്‍ ജയിലില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗ്രാഫൈറ്റ് കേസില്‍ കോടതി ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് കീഴടങ്ങിയ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിജിലന്‍സ് കോടതി ജയിലിലേയ്ക്ക് അയച്ചു. മാര്‍ച്ച് 16 വെള്ളിയാഴ്ച രാവിലെ കോടതിയില്‍ കീഴടങ്ങിയ പിള്ളയെ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ജയിലിലേയ്ക്കു കൊണ്ടുപോകുകയായിരുന്നു. പിള്ളയോടൊപ്പം കേസിലെ രണ്ടാം പ്രതി മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ കേശവപിള്ളയെയും കോടതി ജയിലിലേയ്ക്ക് അയച്ചു.

ഗ്രാഫൈറ്റ് കേസില്‍ വൈദ്യുതി മറിച്ചു വിറ്റുവെന്ന കുറ്റത്തിന് പ്രതികള്‍ക്ക് വിജിലന്‍സ് കോടതി ഒരു വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ജാമ്യത്തിനായി ബാലകൃഷ്ണപിള്ള സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 19 തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി പരിഗണിക്കുമ്പോള്‍ ജയിലില്‍ കിടന്നതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

വെള്ളിയാഴ്ച രാവിലെ പത്തിന് സഹോദരന്‍ ദിവാകരന്‍പിള്ള, അഡ്.സി എസ് സുകുമാരന്‍പിള്ള യൂത്ത് ഫ്രണ്ട് -ബി സംസ്ഥാനപ്രസിഡന്റ് വി എസ് മനോജ്കുമാര്‍ എന്നിവരോടൊപ്പമാണ് ബാലകൃഷ്ണപിള്ള വിജിലന്‍സ് കോടതിയിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ പിള്ളയുടെ വരവ് പ്രതീക്ഷിച്ച് കോടതി പരിസരത്തുണ്ടായിരുന്നു. പിള്ളയെത്തി അല്‍പ സമയത്തിനകം മകന്‍ ഗണേശനും ബി വിജയകുമാര്‍ എം എല്‍ എ യും സ്ഥലത്തെത്തി. പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും വിവരമറിഞ്ഞ് എത്തിക്കൊണ്ടിരുന്നു.

പത്തരയോടെ കേസിലെ രണ്ടാം പ്രതി കേശവപിള്ളയും കീഴടങ്ങാനായി കോടതിയിലെത്തി. ബാലകൃഷ്ണപിള്ളയും കേശവപിള്ളയും കീഴടങ്ങുന്നതായി ഇരുവരുടെയും അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചു.

തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ജാമ്യക്കേസ് പരിഗണിക്കുന്നതിനാല്‍ ജയിലിലേയ്ക്കയച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കണമെന്ന് പിള്ളയുടെ അഭിഭാഷകന്‍ കോടതിയോടഭ്യര്‍ത്ഥിച്ചു. ബാലകൃഷ്ണപിള്ള പള്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍ രോഗിയാണെന്നതിന്റെയും കേശവപിള്ള ഹൃദ്രോഗിയാണെന്നതിന്റെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇരുവരുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. ഈ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയ കോടതി ഉചിതമായ തീരുമാനം എടുക്കാന്‍ ഇവ ജയില്‍ ഡോക്ടറെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.

കോടതി നിര്‍ദ്ദേശപ്രകാരം പേട്ട സി ഐ സലിം ബാലകൃഷ്ണപിള്ളയെയും കേശവപിള്ളയെയും അറസ്റ്റ് ചെയ്തു. പൊലീസ് ജീപ്പില്‍ കയറ്റി സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി. പിള്ളയെ ജീപ്പില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ പ്രവര്‍ത്തകര്‍ ചുറ്റും കൂടി അഭിവാദ്യം മുഴക്കി. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് പിള്ള ജീപ്പില്‍ കയറിയത്.

ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയായിരിക്കേ കര്‍ണാടകത്തിലെ ഗ്രാഫൈറ്റ് എന്ന സ്വകാര്യ കമ്പനിക്ക് വൈദ്യുതി മറിച്ചു വിറ്റു എന്നതായിരുന്നു കേസ്. കേസ് വിചാരണ നടത്തിയ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഇതിനെതിരായ അപ്പീലിന്മേല്‍ ഹൈക്കോടതി കീഴ്ക്കോടതിയുടെ വിധി ശരി വയ്ക്കുകയായിരുന്നു. പ്രതികള്‍ ഉടന്‍ വിചാരണകോടതിയായ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശിക്ഷ നടപ്പാക്കാന്‍ വിജിലന്‍സ് കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ബാലകൃഷ്ണ്പിള്ള കീഴടങ്ങാതിരുന്നതിനെത്തുടര്‍ന്ന് വിജിലന്‍സ് കോടതി പിള്ളയ്ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്യാന്‍ നല്‍കിയിരുന്ന സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ പിള്ള കീഴടങ്ങുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X