കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈപ്പ്ലൈന്‍ പദ്ധതിയില്‍ ക്രമക്കേടെന്ന്

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി തുറമുഖത്തെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ നിന്നും ഇരുമ്പനത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് പെട്രോളിയം പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ വന്‍ ക്രമക്കേടുള്ളതായി ആരോപണം.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പദ്ധതിയുടെ അലൈന്‍മെന്റ് തയാറാക്കിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്ത് തുടങ്ങി ദേശീയപാത 49നും 47എയ്ക്കും സമാന്തരമായി പോകുന്ന പൈപ്പ്ലൈന്‍ കുണ്ടന്നൂര്‍ തേവര പാലത്തിനടിയില്‍ കൂടി കടന്ന് തീരദേശ റെയില്‍ പാതയ്ക്ക് സമാന്തരമായി അറ്റ്ലാന്റിസ് ലവല്‍ ക്രോസിനും എംജി റോഡും കുറുകെ കടന്ന് ഫോര്‍ഷോര്‍ റോഡ് വഴി ഓയില്‍ ടാങ്കര്‍ ബര്‍ത്തിന് സമീപമെത്തുന്ന രീതിയലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 1982ല്‍ ദേശീയപാതയ്ക്ക് സമാന്തരമായി തൊട്ടടുത്ത് കൂടി പെട്രോളിയം ലൈനുകള്‍ സ്ഥാപിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു. ദേശീയപാതയുടെ മധ്യരേഖയില്‍ നിന്നും പതിനഞ്ച് മീറ്റര്‍ മാറി വേണം ഇത്തരം ലൈനുകള്‍ സ്ഥാപിക്കനെന്നും ഉത്തരവിലുണ്ട്. എന്നാല്‍ നിര്‍ദിഷ്ട പൈപ്പ്ലൈന്‍ പദ്ധതിയില്‍ ഒരു സ്ഥലത്തും ഈ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.

പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് അനുമതി തേടി ഐഒസി സമര്‍പ്പിച്ച അപേക്ഷ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി ദേശീയപാത സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ കഴിഞ്ഞ വര്‍ഷം ജനവരി 18ന് നിരസിച്ചിരുന്നു. പക്ഷേ ഇതിന് ശേഷവും ഐഒസി പദ്ധതിയുമായി മുന്നോട്ട് പോയി.

പദ്ധതിക്കായുള്ള പൈപ്പുകള്‍ ഒമ്പത് കോടി രൂപയ്ക്ക് വെല്‍സ്പണ്‍ എന്ന കമ്പനിയില്‍ നിന്നുമാണ് വാങ്ങിയത്. ഇതില്‍ പൊതുമേഖലാ സ്ഥാപനമായ സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ അവഗണിക്കപ്പെട്ടു. ടെന്‍ഡറില്‍ രണ്ടാമതായി ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് സ്റീല്‍ അതോറിറ്റിയാണ്. ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ടെന്‍ഡറിനേക്കാളും 10 ശതമാനം നിരക്ക് കൂടുതലാണെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തെ പരിഗണിക്കണമെന്ന മാനദണ്ഡം വെല്‍സ്പണിന് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ലംഘിക്കപ്പെട്ടു.

ഐവിആര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നേടിയെടുത്തത്. എസ്റിമേറ്റ് തുകയിലും കുറഞ്ഞ തുകയാണ് കമ്പനി ക്വാട്ട് ചെയ്തത്. വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം പദ്ധതിയുടെ രൂപരേഖയിലും മറ്റും ഐഒസിയും ഫെഡോയും മാറ്റ് വരുത്തി കമ്പനിയെ സഹായിച്ചതാണ് മറ്റൊരാരോപണം.

പണി നീട്ടി ആര്‍ബിട്രേഷന്‍ വഴി കോടികള്‍ തട്ടാനും കമ്പനി ശ്രമിക്കുന്നതായി ആരോപണമുണ്ട്. ആവശ്യമില്ലാതിരുന്നിട്ടും ബൂസ്റര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് കോടി രൂപ നഷ്ടമായെന്നാണ് മറ്റൊരാരോപണം. പദ്ധതി ഈ രീതിയില്‍ നടപ്പാക്കിയാല്‍ കൊച്ചി നഗരത്തിനും സമീപപ്രദേശങ്ങള്‍ക്കും അപകടമാവുമെന്നതിനാല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഇതിനെ എതിര്‍ക്കാനാണ് നാട്ടുകാരുടെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X