വല്ലാര്‍പാടം പദ്ധതി: അനിശ്ചിതത്വം തുടരുന്നു
കൊച്ചി: കൊച്ചി തുറമുഖത്തിന്റെ വികസനത്തില്‍ നിര്‍ണായകമാകുന്ന വല്ലാര്‍പ്പാടം ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലിന് കേന്ദ്രാനുമതി ലഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. മാര്‍ച്ച് 16 വെള്ളിയാഴ്ച തുറമുഖം സന്ദര്‍ശിച്ച കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി എം.പി.പിന്റോയും പദ്ധതി സംബന്ധിച്ച് വ്യക്തമായ ഉറപ്പുകള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.
ബിഒടി (നിര്‍മിച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറ്റം) വ്യവസ്ഥയില്‍ 30 വര്‍ഷത്തെ കാലാവധിയില്‍ നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് അവധാനതയോടെയുള്ള വിലയിരുത്തല്‍ ആവശ്യമാണെന്നും ഞൊടിയിടയില്‍ തീരുമാനമെടുക്കാനാകില്ലെന്നും പിന്റോ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വല്ലാര്‍പ്പാടം പദ്ധതി നടപ്പാക്കുന്നതിന് ഒരു കമ്പനി മാത്രം ടെന്‍ഡര്‍ സമര്‍പ്പിച്ചത് മൂലമാണോ ഷിപ്പിംഗ് മന്ത്രാലയം സംശയിച്ച് നില്‍ക്കുന്നതെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അതും കാരണമാകാമെന്നതായിരുന്നു ഷിപ്പിംഗ് സെക്രട്ടറിയുടെ മറുപടി.
ഷിപ്പിംഗ് സെക്രട്ടറിയുടെ സന്ദര്‍ശനവേളയില്‍ വല്ലാര്‍പാടം പദ്ധതി സംബന്ധിച്ച വ്യക്തമായ ചിത്രം ഉരുത്തിരിയുമെന്ന് പ്രതീക്ഷിച്ചവരെ പിന്റോ നിരാശരാക്കിയിരിക്കുകയാണ്. കൊച്ചിയുടെ വികസനത്തില്‍ നാഴികക്കല്ലാകേണ്ട പദ്ധതി ഇനിയും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുമെന്നാണ് ആശങ്ക.












Click it and Unblock the Notifications